ernakulam local

കരാറുകാരന്‍ കൈവിട്ടു; പാലം അപകടത്തില്‍

നാസര്‍ പെരുമ്പാവൂര്‍ 
പെരുമ്പാവൂര്‍: വേനല്‍ക്കാല ജലോല്‍സവങ്ങള്‍ക്ക് പേരുകേട്ട പ്രകൃതി രമണീയമായ പാണിയേലി പോരുമായി ബന്ധിപ്പിക്കുന്ന കൊച്ചുപുരയ്ക്കല്‍ കടവ് പാലം അപകടാവസ്ഥയില്‍.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും സംസ്ഥാനത്ത് തന്നെ വേനല്‍ക്കാല ജല വിനോദങ്ങള്‍ക്ക് പേര് കേട്ടതുമായ ഈ തുരുത്തിലേക്ക് വന്നുപോവുന്ന പ്രധാന പാലം അപകടാവസ്ഥയിലായിട്ട് നാളുകള്‍ ഏറെയായി. 60 കൊല്ലം മുന്‍പ് നിര്‍മിച്ച ഈ പാലം ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്.
പുഴയിലെ അസാധാരണ ഒഴുക്ക്    ഒരു പരിധിവരെ പാലത്തിന് ഭീഷണി തന്നെയാണ് എന്ന് കണ്ടെത്തിയ വേങ്ങൂര്‍ പഞ്ചായത്ത് ഭരണ സമിതി തടയണ കെട്ടി ഒഴുക്ക് നിയന്ത്രിക്കുവാന്‍ 10 ലക്ഷം രൂപ വകയിരുത്തി. 1.40 മീറ്റര്‍ ഉയരത്തില്‍ പാറയുടെ മുകളില്‍ തടയണ നിര്‍മിക്കുവാന്‍ കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ മണ്ണ് നീക്കം ചെയ്ത് പണി തുടങ്ങിയപ്പോള്‍ പാറ കാണാത്തതിനെ തുടര്‍ന്ന് കരാറുകാരന്‍ പദ്ധതി ഉപേക്ഷിച്ച് പിന്‍വാങ്ങിയതായിട്ടാണ് പരാതി.
സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി ഭാരവണ്ടികളും ടൂറിസ്റ്റ് ബസ്സുകളും കടന്ന് പോവുന്ന ഈ പാലത്തിന് അപകടം സംഭവിച്ചാല്‍ പാണിയിലി പോരുള്‍പ്പെടുന്ന ജനവാസ മേഖല ഒറ്റപ്പെട്ട് പോവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷം ഇടവപ്പാതിക്ക് മഴ കൂടുതല്‍ കിട്ടുകയും കനാല്‍ വെള്ളം നിര്‍ത്താതെ വന്നതുമാണ് നിര്‍മാണം നിര്‍ത്തി വയ്ക്കാന്‍ കാരണമെന്നും  കരാറുകാരന്‍ മുങ്ങിയെന്നത് വാസ്ത വിരുദ്ധമാണെന്നും വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it