കരട് ആരോഗ്യനയത്തില്‍ നടപടിയില്ല

എന്‍  എ   ശിഹാബ്
തിരുവനന്തപുരം: ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി പടര്‍ന്നുപിടിക്കുന്ന പുതിയ രോഗങ്ങളെ നേരിടാന്‍ സംസ്ഥാന കരട് ആരോഗ്യ നയത്തില്‍ നടപടിയില്ല. ആരോഗ്യ വകുപ്പിന്റെ വരുംകാല പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ എന്ന നിലയില്‍ തയ്യാറാക്കിയ കരട് ആരോഗ്യ നയത്തിലാണ് പുതിയ രോഗങ്ങളെ പാടെ ഒഴിവാക്കിയത്.
കേട്ടുകേള്‍വിയില്ലാത്ത പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും പെട്ടെന്നു പടര്‍ന്നുപിടിക്കുന്നതു തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനുള്ള വിദഗ്ധ സംവിധാനം സംസ്ഥാനത്തില്ല. കേരളത്തിലെ ആരോഗ്യനില വികസിത രാജ്യങ്ങള്‍ക്കൊപ്പമാണെന്ന് മേനിനടിക്കുമ്പോഴാണ് പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ പ്രത്യേക സംവിധാനമൊന്നും ഒരുക്കാന്‍ കേരളത്തിന് കഴിയാതെപോവുന്നത്. കോഴിക്കോട് പേരാമ്പ്രയില്‍ നിപ വൈറസ് ബാധിച്ച് മൂന്നുപേര്‍ മരണപ്പെടുകയും ഏഴു പേരുടെ മരണത്തില്‍ രോഗബാധ സംശയിക്കുകയും ചെയ്ത സാഹചര്യം സംസ്ഥാന ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കി. രോഗം പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ് വൈറസ്ബാധയുണ്ടായ പ്രദേശങ്ങള്‍. എന്നാല്‍ വൈറസ് ബാധ കണ്ടെത്തുന്നതിനും രോഗം സ്ഥിരീകരിക്കുന്നതിനും പതിവു മാര്‍ഗം തന്നെയാണ് ആരോഗ്യവകുപ്പിനു മുമ്പിലുള്ളത്. ആലപ്പുഴയില്‍ പക്ഷപ്പനി പടര്‍ന്നുപിടിച്ചപ്പോഴും മറ്റു പകര്‍ച്ചവ്യാധി ആക്രമണങ്ങളുണ്ടായപ്പോഴും കേരളത്തില്‍ പരിശോധനാ സംവിധാനമൊരുക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും നടപടിയൊന്നുമുണ്ടായില്ല. നിലവില്‍ നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനു ഭോപാലിലെ ലബോറട്ടറിയെയാണ് ആശ്രയിക്കുന്നത്. വികസിത രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധി തടയുന്നതിന് പ്രത്യേക സംവിധാനം തന്നെ നിലവിലുണ്ട്. ചെറിയൊരു പ്രദേശത്തെ രോഗബാധ പോലും പെട്ടെന്ന് പടരുന്നതാണെന്നു കണ്ടാല്‍ അതിന്റെ നിയന്ത്രണത്തിനായി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ ഉടനടി ആരംഭിക്കും. രോഗകാരണത്തെപ്പറ്റിയുള്ള നിഗമനം രൂപപ്പെടുത്തുക, അതു പഠനവിധേയമാക്കുക, വിവരശേഖരണവും വിശകലനവും നടത്തുക, ഗവേഷണം വേഗത്തിലാക്കുക തുടങ്ങിയ നടപടികളാണു പ്രത്യേക സംവിധാനം വഴി സ്വീകരിക്കുക.
ജലത്തിലൂടെയും ആഹാരത്തിലൂടെയും രോഗാണുവഴിയും പകരുന്ന രോഗങ്ങള്‍ ഉറവിടത്തില്‍ തന്നെ കെണ്ടത്തി നിയന്ത്രിക്കുമെന്ന് കരട് ആരോഗ്യ നയത്തില്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ ഉപ ആരോഗ്യകേന്ദ്രത്തില്‍ ഇത്തരം രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യാനുള്ള സൗകര്യം സംസ്ഥാന ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സംവിധാനം വഴിയുണ്ടാക്കും. ഈ വിവരം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നിരീക്ഷിക്കാനും വിലയിരുത്താനും പബ്ലിക് ഹെല്‍ത്ത് കാഡറിന്റെ ഭാഗമായി പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനുള്ള സെല്ലുകള്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ രൂപീകരിക്കുമെന്നും ആരോഗ്യനയത്തില്‍ പറയുന്നു.
കൊതുകു പരത്തുന്ന ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജപ്പാന്‍ജ്വരം എന്നിവ സംസ്ഥാനത്തു വര്‍ധിക്കുകയാണ്. മാലിന്യ നിര്‍മാര്‍ജനത്തിലും കൊതുകു നശീകരണത്തിലും വേണ്ടത്ര വിജയിക്കാന്‍ കഴിയാതെ പോയത് ഇത്തരം രോഗങ്ങളുടെ തിരിച്ചുവരവിനു കാരണമായി. രോഗാണു വാഹക നിയന്ത്രണത്തിനായി പ്രത്യേക യൂനിറ്റുകള്‍ (ഢലര േീൃ ആീൃില ഉശലെമലെ ഇീിേൃീഹ ഡിശ)േ ആരോഗ്യവകുപ്പിന്റെ കീഴില്‍ ശക്തിപ്പെടുത്തും. രോഗാണുവാഹക നിയന്ത്രണത്തെക്കുറിച്ച് വിവരം നല്‍കുന്നതിനൊപ്പം പ്രാദേശികമായി ലഭ്യമായ നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് ഗവേഷണവും ആരംഭിക്കുമെന്നും ആരോഗ്യ നയത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it