Idukki local

കമ്പംമെട്ടില്‍ അനധികൃത പണപ്പിരിവ്

വി  വിനീത് കുമാര്‍

നെടുങ്കണ്ടം: കമ്പംമെട്ട് ചെക്‌പോസ്റ്റ് കേന്ദ്രീകരിച്ച് വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ അനധികൃത പണപ്പിരിവെന്ന് ആക്ഷേപം. തമിഴ്‌നാട്-കേരള സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ വാഹനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നത് കീഴ് വഴക്കമായി മാറിയിരിക്കുന്നു എന്ന വ്യാപക പരാതി നേരത്തെയുള്ളതാണ്. എന്നാല്‍, ഇപ്പോള്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലിസ് നടത്തുന്ന അനധികൃത പണപ്പിരിവാണ് വിവാദമായിരിക്കുന്നത്. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക്‌പോസ്റ്റിലൂടെ കടന്നുപോവുന്ന നെടുങ്കണ്ടം-കമ്പം ട്രിപ്പ് ജീപ്പുകളെയാണ് തമിഴ്‌നാട് പോലിസ് ഉദ്യോഗസ്ഥര്‍ പിഴിയുന്നത്. അനധികൃത പണപ്പിരിവ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അന്തര്‍ സംസ്ഥാനസര്‍വീസ് നടത്തുന്ന ജീപ്പുടമകള്‍ സമരത്തിന് ഒരുങ്ങുകയാണ്. നൂറുകണക്കിനു ജീപ്പുകളാണ് അതിര്‍ത്തിവഴി കടന്നുപോവുന്നത്. ഒരു ട്രിപ്പിന് 200 രൂപ വീതം പോലിസിനു നല്‍കണം. ഇങ്ങനെ 20000 രൂപയിലധികമാണ് തമിഴ്‌നാട് പോലിസിന്റെ ദിവസ വരുമാനം. ഇതിനിടെ കമ്പത്ത് നിന്ന് പച്ചക്കറി വാങ്ങിയെത്തുന്നവരില്‍ നിന്ന് 50 രൂപ ഈടാക്കുന്നതായും ആരോപണം ഉയര്‍ന്നു. ഇതോടെ കമ്പംമെട്ട് ചെക്‌പോസ്റ്റിലൂടെ പച്ചക്കറിയുമായി യാത്ര ചെയ്യാനാവാത്ത സ്ഥിഥിയിലാണ് മേഖലയിലെ ജനങ്ങള്‍. പച്ചക്കറിയുമായെത്തുന്ന വാഹനങ്ങളില്‍ നിന്ന് രാത്രികാലത്ത് നടത്തുന്ന പണപ്പിരിവിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നുകഴിഞ്ഞു. ട്രിപ്പൊന്നിനു 200 രൂപ നല്‍കാത്ത ജീപ്പുകളെ കമ്പം അടിവാരത്തിനു സമീപം തമിഴ്‌നാട് പോലിസ തടയും. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇതോടെ ട്രിപ്പ് ജീപ്പുകാരും, യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി പണപ്പിരിവ് നടത്തുന്ന പോലിസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി. ദിനംപ്രതി അഞ്ച് സര്‍വീസ് കമ്പം-നെടുങ്കണ്ടം റോഡില്‍ നടത്തുന്ന ഡ്രൈവര്‍മാരുണ്ട്. ട്രിപ്പൊന്നിന് 200 വീതം അഞ്ച് ട്രിപ്പിന് 1000 രൂപ നല്‍കേണ്ട ഗതികേടിലാണിവര്‍. സമാനമായ അവസ്ഥയിലാണ് തമിഴ്‌നാട്ടില്‍ നിന്ന് തോട്ടം മേഖലയിലേക്ക് തൊഴിലാളികളെയെത്തിക്കുന്ന ജീപ്പുകളിലെ ഡ്രൈവര്‍മാരും. നാനൂറിലധികം വാഹനങ്ങളിലായി 5000 തൊഴിലാളികളാണ് ഒരു ദിവസം കമ്പംമെട്ട് ചെക്‌പോസ്റ്റ് കടക്കുന്നത്. ഇവരുടെ കൈയ്യില്‍ നിന്നു പണപ്പിരിവ് നടക്കുന്നതായും ആരോപണമുണ്ട്. പണപ്പിരിവിനെക്കുറിച്ച് തമിഴ്‌നാട്ടിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ജീപ്പ് ഡ്രൈവര്‍മാര്‍. അതേസമയം, അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ജീപ്പുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതിനെതിരേ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടുമില്ല. മല്‍സരയോട്ടമാണ് അപകടങ്ങള്‍ക്കു കാരണമാവുന്നത്.
Next Story

RELATED STORIES

Share it