കബളിപ്പിക്കലിനെതിരേ ശക്തമായ പ്രചാരണവുമായി പൊമ്പിളൈ ഒരുെമെ

കെ സനൂപ്

പാലക്കാട്: തോട്ടം മേഖലയിലെ തൊഴിലാളി സമരം പേരിന് അവസാനിച്ചെങ്കിലും അടിസ്ഥാനവേതനമായി ആവശ്യപ്പെട്ട 500 രൂപ പോലും നല്‍കാതെയുള്ള ഒത്തുതീര്‍പ്പിനെതിരേ തൊഴിലാളികള്‍ കൂട്ടത്തോടെ മല്‍സരരംഗത്ത്. മൂന്നാര്‍ അനുഭവം പാഠമാക്കി നെല്ലിയാമ്പതിയില്‍ സ്ത്രീ തൊഴിലാളികളെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കി മൂന്നു മുന്നണികളും അവരെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്.
സത്യഗ്രഹ സമരത്തിന്റെ സിരാകേന്ദ്രമായ മണലാരു എസ്റ്റേറ്റ് ഉള്‍പ്പെടുന്ന 13ാം വാര്‍ഡിലാണ് തൊഴിലാളികളുടെ പോരാട്ടം. സമരത്തില്‍ ഒരുമിച്ചുനിന്ന കോണ്‍ഗ്രസ്സിലെ സുജാതയും സിപിഎമ്മിലെ അംബിക സുധാകരനുമാണ് സ്ഥാനാര്‍ഥികള്‍. ബിജെപിയുടെ പി വി ജോസ്‌നിയും രംഗത്തുണ്ട്. സമരത്തില്‍ സജീവമായിരുന്ന നിഷ ഹൈദരലി ആറാം വാര്‍ഡില്‍ നിന്ന് പഞ്ചായത്തിലേക്കു മല്‍സരിക്കുന്നു. കോണ്‍ഗ്രസ്സിലെ അജിതയും ബിജെപി സ്ഥാനാര്‍ഥി സുഭാഷിണിയുമാണ് എതിരാളികള്‍. തൊഴിലാളി നേതാക്കളും മല്‍സരിക്കുന്നുണ്ട്. സിപിഎം ലോക്കല്‍ സെക്രട്ടറിവി ഫാറൂഖ് 12ാം വാര്‍ഡ് കൂനംപാലത്തു നിന്നാണു മല്‍സരിക്കുന്നത്. 13 വാര്‍ഡുകളുള്ള നെല്ലിയാമ്പതിയില്‍ 4211 വോട്ടര്‍മാരാണ് ആകെയുള്ളത്.
തൊഴിലാളികളുടെ ഇടയില്‍ ഒറ്റപ്പെടുമെന്നുവന്നതോടെ ഗത്യന്തരമില്ലാതെ നെല്ലിയാമ്പതിയിലും വയനാട്ടിലും സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെ തന്നെ സ്ഥാനാര്‍ഥികളാക്കി നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, മൂന്നാറില്‍ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളെയും യൂനിയനുകളെയും തോട്ടമുടമകളെയും വിറപ്പിച്ചുകൊണ്ട് ശക്തമായ പ്രചാരണവുമായി പൊമ്പിളെ ഒരുമൈ സ്ഥാനാര്‍ഥികള്‍ മുന്നേറുന്ന സാഹചര്യമാണുള്ളത്. മൂന്നു മുന്നണികളെയും പിന്തള്ളി, രാഷ്ട്രീയപ്പാര്‍ട്ടികളെ മാറ്റിനിര്‍ത്തി സമരത്തിന് നേതൃത്വം നല്‍കിയവരുള്‍പ്പടെ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുള്‍പ്പടെ 18 പേരാണ് ഇവിടെ വിവിധ തലങ്ങളിലേക്ക് സ്ഥാനാര്‍ഥികളായി മല്‍സരരംഗത്തുള്ളത്.
തൊഴിലാളികള്‍ക്കു ശക്തമായ സ്വാധീനമുള്ള മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളില്‍ പൂര്‍ണമായും പള്ളിവാസല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും ഇവര്‍ക്കു സ്ഥാനാര്‍ഥികളുണ്ട്. സമരസമിതി നേതാവ് ഗോമതി അഗസ്റ്റിന്‍ നല്ലതണ്ണി ബ്ലോക്ക് ഡിവിഷനില്‍ നിന്നും മണികണ്ഠന്‍ മാട്ടുപ്പെട്ടി ഡിവിഷനില്‍ നിന്നും പാര്‍വതി ദേവികുളത്തു നിന്നും അഗസ്റ്റിന്‍ മൂന്നാറില്‍ നിന്നുമാണു മല്‍സരിക്കുന്നത്. ലിസി സണ്ണി പ്രസിഡന്റായ 12 അംഗ സമിതിയുടെ നേതൃത്വത്തിലാണ് പ്രചാരണം.
തൊഴിലാളി യൂനിയന്‍-തോട്ടമുടമ കൂട്ടുകെട്ടിനെതിരേ വിധിയെഴുതുക, മിനിമം വേതനം 500 ആക്കുക, 25 കിലോക്കു ശേഷം നുള്ളുന്ന കൊളുന്തിന് കിലോക്ക് നാലു രൂപയെങ്കിലും നല്‍കുക എന്നിവയാണ് മുഖ്യ പ്രചാരണ വിഷയങ്ങള്‍.വര്‍ഷങ്ങളായി മേഖലയിലെ തൊഴിലാളികളെ വഞ്ചിച്ച യൂനിയനുകളുടെ തനിനിറം വ്യക്തമാക്കുന്ന തരത്തിലാണ് തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍. തൊഴിലാളികള്‍ക്കു ജനപിന്തുണ ഏറിയതോടെ മൂന്നു മുന്നണികളും ഇവിടെയും തൊഴിലാളി സമര നേതാക്കളെ തന്നെയാണ് മല്‍സരത്തിനിറക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it