കഫീല്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ഭാര്യ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടു ജയിലിലടച്ച ഡോക്ടര്‍ കഫീല്‍ അഹമ്മദ് ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രോസിക്യൂഷന്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ഭാര്യ. കഫീല്‍ ഖാനെതിരേ ചുമത്തിയ കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസ് കോടതിയിലെത്തിയാല്‍ ഇക്കാര്യം തെളിയിക്കാനാവുമെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കഫീല്‍ ഖാന്റെ ഭാര്യ ഡോക്ടര്‍ ശബിസ്ത പറഞ്ഞു.
ഗോരഖ്പൂര്‍ ശിശുമരണക്കേസില്‍ നേരത്തേ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയതാണ്. പക്ഷേ, ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ മാത്രം ആ വേഗത ഉണ്ടായില്ല. പ്രോസിക്യൂഷന്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മനപ്പൂര്‍വം വൈകിപ്പിക്കുകയാണ്. കുഞ്ഞുങ്ങള്‍ മരിക്കാനിടയായ തിനു കാരണം സംസ്ഥാന ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും ശബിസ്ത പറഞ്ഞു.
കുട്ടികളുടെ മരണം ഓക്‌സിജന്റെ ലഭ്യതക്കുറവു മൂലമല്ലെന്നും സ്വാഭാവികമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതാണെന്നിരിക്കെ പിന്നെ എന്തിനാണ് ഡോ. കഫീല്‍ അടക്കമുള്ളവരെ ജയിലിലടച്ചിരിക്കുന്നതെന്നും അവര്‍ ചോദിച്ചു.   നിരപരാധിയാണെന്നു വ്യക്തമാക്കികൊണ്ടുള്ള കഫീല്‍ ഖാന്റെ കത്തും കുടുംബം പുറത്തുവിട്ടു. കുടുംബത്തെ അപമാനത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും രക്ഷിക്കാനാണ്  കീഴടങ്ങിയത്. തെറ്റു ചെയ്യാത്തതിനാല്‍ നീതി ലഭിക്കണമെന്നും  കത്തില്‍ പറയുന്നു.
2017 ആഗസ്തിലാണ് ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ നാലു ദിവസത്തിനകം 70ഓളം കുട്ടികള്‍ മരിച്ചത്. വിവരം അറിഞ്ഞ് അവധിയിലായിരുന്ന കഫീല്‍ ഖാന്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നു ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ച് നിരവധി കുട്ടികളെ രക്ഷിച്ചിരുന്നു. അന്ന് രക്ഷകനായി ചിത്രീകരിച്ച കഫീല്‍ ഖാനെ ദിവസങ്ങള്‍ക്കകം കാരണക്കാരനാണെന്ന് ചിത്രീകരിച്ച് ബിജെപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രവി നായര്‍, കഫീല്‍ ഖാന്റെ സഹോദരന്‍ അദീല്‍ അഹമ്മദ് ഖാന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it