wayanad local

കന്‍മതില്‍ നിര്‍മാണത്തിലെ അശാസ്ത്രീയതവിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യം

സുല്‍ത്താന്‍ ബത്തേരി: വനാതിര്‍ത്തിയില്‍ വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതു തടയുന്നതിനായി നിര്‍മിച്ച കന്മതിലുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. കന്മതില്‍ നിര്‍മിച്ച് മാസങ്ങള്‍ക്കകം തകരുന്ന അവസ്ഥയിലാണുള്ളത്.
വനാതിര്‍ത്തി മേഖലകളില്‍ വന്യജീവികള്‍ കൃഷിയിടത്തിലേക്ക് കടക്കുന്നതു തടയുന്നതിനായാണ് കന്മതിലുകള്‍ നിര്‍മിച്ചത്. എന്നാല്‍, നിര്‍മാണത്തിലെ അശാസ്ത്രീയത ഇത്തരത്തില്‍ നിര്‍മിക്കുന്ന മതിലുകള്‍ക്ക് ആയുസ്സില്ലാതാവാന്‍ കാരണമായി.
ആവശ്യമായ സിമന്റോ മണലോ ഒന്നും ചേര്‍ക്കാതെ നിര്‍മിച്ച മതിലുകള്‍ മാസങ്ങള്‍ക്കകം തന്നെ നിലംപതിക്കാന്‍ കാരണമായിട്ടുണ്ട്. ഇത്തരത്തില്‍ കുപ്പാടി വീട്ടിക്കുറ്റി ഭാഗത്ത് നിര്‍മിച്ച പ്രതിരോധ മതില്‍ പൊളിഞ്ഞിട്ട് കാലങ്ങളായി. കൂടാതെ ചെതലയം, മുത്തങ്ങ, നൂല്‍പ്പുഴ, മുക്കുത്തികുന്ന് എന്നിവിടങ്ങളിലൊക്കെ ഇതേ അവസ്ഥയാണ്.
ഇതു നിര്‍മാണം കാരറെടുക്കുന്നവരും ചുരുക്കം ചില ഉദ്യോഗസ്ഥരുടെയും കളിയാണെന്നാണ് ആരോപണം. കര്‍ഷകര്‍ക്കായി വനംവകുപ്പ് എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഗുണം കര്‍ഷകന് ലഭിക്കണമെന്നും അല്ലാതെ കര്‍ഷകന്റെ പേരില്‍ ഫണ്ട് അടിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.
അതിനാല്‍ വനത്തില്‍ നടക്കുന്ന ഇത്തരം നിര്‍മാണപ്രവൃത്തികള്‍ സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനയായ എഫ്ആര്‍എഫ്.
Next Story

RELATED STORIES

Share it