കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു; ഇന്നുമുതല്‍ മറ്റു ജില്ലകളിലും സമരപ്പന്തല്‍ ഉയരും

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാവുന്നു. സംസ്ഥാനതലത്തില്‍ സമരം വ്യാപിക്കാന്‍ സേവ് ഔവര്‍ സിസ്റ്റേഴ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഇന്നുമുതല്‍ സംസ്ഥാനത്തെ മറ്റു ജില്ലാ ആസ്ഥാനങ്ങളിലും സമരപ്പന്തല്‍ ഉയരുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
സമരത്തിന്റെ ആറാം ദിവസമായിരുന്ന ഇന്നലെ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സ്ത്രീസമൂഹത്തിന്റെ ഒഴുക്കായിരുന്നു സമരപ്പന്തലിലേക്ക്. കലാ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വനിതകളാണ് ഇന്നലെ സമരപ്പന്തലില്‍ നിറഞ്ഞുനിന്നത്. സമരത്തിന്റെ ഓരോ ദിവസവും പ്രത്യേക വിഭാഗങ്ങള്‍ക്കായി നല്‍കണമെന്ന തീരുമാനമാണ് സമരത്തിന് നേതൃത്വംനല്‍കുന്ന സേവ് ഒവര്‍ സിസ്റ്റേഴ് ആക്ഷന്‍ കമ്മിറ്റിയുടേത്.
സമരത്തിന്റെ ഏഴാംദിവസമായ ഇന്ന് യുവജനതയാവും സമരവേദിയില്‍ അണിനിരക്കുക. എട്ടാം ദിനമായ നാളെ വൈകീട്ട് വൈദികരുടെയും കന്യാസ്ത്രീകളുടെയും കൂട്ടായ്മ സമരപ്പന്തലില്‍ നടക്കും. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ഇന്നലെ സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയവരില്‍ ഏറെയും ജീവിതവഴികളില്‍ ഏല്‍ക്കേണ്ടിവന്ന അവഗണനകളും പീഡനങ്ങളുമാണ് പങ്കുവച്ചത്. സ്ത്രീകള്‍ക്കു നീതി നിഷേധിക്കപ്പെടുന്നതും അതിനായി അവര്‍ തെരുവിലിറങ്ങുന്നതും ഇത് ആദ്യമല്ലെന്ന് സമരത്തിന് പിന്തുണയുമായെത്തി സാമൂഹികപ്രവര്‍ത്തകയും അന്വേഷി സംഘടനയുടെ അധ്യക്ഷയുമായ കെ അജിത പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെ ഇനിയാരും ബിഷപ് ചേര്‍ത്ത് വിളിക്കരുതെന്ന് സമരപ്പന്തലിലെത്തിയ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയും ഇവര്‍ നടത്തുന്ന സമരത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ സ്ത്രീകളുടെ ഭാഗത്തുനിന്ന് ചിന്തിക്കാന്‍ ശ്രമിക്കണമെന്ന് എഴുത്തുകാരി സാറ ജോസഫ് പറഞ്ഞു. കന്യാസ്ത്രീകളുടെ പ്രതിഷേധം ചരിത്രമാണെന്ന് കോണ്‍ഗ്രസ്് രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവും സുപ്രിംകോടതി അഭിഭാഷകയുമായ ജെസി കുര്യന്‍, കന്യാസ്ത്രീയുടെ സഹപാഠികള്‍, പ്രീതാ ഷാജി, എഴുത്തുകാരി തനൂജ ഭട്ടതിരിപ്പാട്, അഡ്വ. സന്ധ്യ, വിവിധ പ്രാദേശിക സ്ത്രീ സംഘടനകള്‍ തുടങ്ങി നിരവധി സ്ത്രീകളാണ് സമരത്തിന് പിന്തുണയുമായെത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകയുമായ ഫൈസല്‍ ഫൈസി പാട്ടുപാടിയും വിദ്യാര്‍ഥികളായ അമ്മുവും ഫിദയും തെരുവുനാടകം അവതരിപ്പിച്ചുമാണ് ഇന്നലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it