Flash News

കന്നുകാലി വിജ്ഞാപനത്തിനെതിരായ ഹരജി : സുപ്രിംകോടതി 15ന് പരിഗണിക്കും



ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വിജ്ഞാപനം ചോദ്യം ചെയ്യുന്ന ഹരജി സുപ്രിംകോടതി ഈ മാസം 15നു പരിഗണിക്കും. വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഓള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഖുറേശ് ആക്ഷന്‍ കമ്മിറ്റി അധ്യക്ഷനും അഭിഭാഷകനുമായ മുഹമ്മദ് ഫഹീം ഖുറേശിയാണ് ഹരജി നല്‍കിയത്. ഇന്നലെ ജസ്റ്റിസുമാരായ അശോക് ഭൂഷണും ദീപക് ഗുപ്തയും അടങ്ങുന്ന സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് മുമ്പാകെ ഉന്നയിച്ച ഹരജി 15ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ നിയമം 2017’ എന്ന പേരില്‍ കഴിഞ്ഞമാസമാണ് പശു, കാള, പോത്ത്, എരുമ, പശുക്കുട്ടി, കാളക്കുട്ടി, ഒട്ടകം തുടങ്ങിയവയെ കശാപ്പിനായി വില്‍ക്കുന്നതും വിശ്വാസത്തിന്റെ ഭാഗമായി ബലിയറുക്കുന്നതും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. നിയമത്തിലെ വിവിധ വകുപ്പുകള്‍ ഏകപക്ഷീയവും വിവേചനവും നിയമിരുദ്ധവും ഭരഘടനാതത്വങ്ങള്‍ക്ക് എതിരുമാണെന്ന് ഹരജിക്കാരന്‍ അഡ്വ. സനോബര്‍ അലി ഖുറേശി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി. കന്നുകാലി കശാപ്പ് ഇല്ലാതാവുന്നതോടെ രാജ്യത്തിന്റെ വരുമാനത്തില്‍ നല്ലൊരുശതമാനം ഇടിവ് ഉണ്ടാവും. ഈ മേഖലയില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിനു പേരുടെ തൊഴിലും നഷ്ടമാവും. നിലവില്‍ തന്നെ കന്നുകാലി കര്‍ഷകര്‍ അവരുടെ സ്വന്തം കുടുംബത്തെ പോലും നോക്കാന്‍ പ്രയാസപ്പെടുകയാണ്.ദാരിദ്ര്യംമൂലം കന്നുകാലികളെ പരിചരിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് 1960ലെ മൃഗസംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. അതിനു പുറമെ ഗോ രക്ഷാ പ്രവര്‍ത്തകരെയും അവര്‍ക്കു ഭയക്കേണ്ട സാഹചര്യമാണുള്ളത്. ജീവിക്കാനുള്ള അവകാശം, ഇഷ്ടമുള്ളത് ഭക്ഷിക്കാനുള്ള അവകാശം, ഇഷ്ടമുള്ള തൊഴിലെടുക്കാനുള്ള അവകാശം എന്നിങ്ങനെ ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന വിവിധ അവകാശങ്ങള്‍ വിജ്ഞാപനം മൂലം ലംഘിക്കപ്പെടുകയാണ്. മൃഗബലി നിരോധിക്കാനുള്ള നീക്കം ഭരണഘടന നല്‍കുന്ന വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള അവകാശത്തിന് എതിരുമാണ്. മാത്രവുമല്ല, കന്നുകാലി കശാപ്പ് സംബന്ധിച്ച നിയമങ്ങള്‍ നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നിരിക്കെ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it