Flash News

കനേഡിയന്‍ ഗ്രാന്റ്പ്രീ കിരീടം ലൂയിസ് ഹാമിള്‍ട്ടണ്



ഒട്ടാവ: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടന്റെ വിജയ കുതിപ്പ് തുടരുന്നു. മുഖ്യ എതിരാളി ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ അതിദൂരം പിന്നിലാക്കിയാണ് ഹാമിള്‍ട്ടണ്‍ കനേഡിയന്‍ ഗ്രാന്റ്പ്രീയില്‍ കിരീടം ചൂടിയത്. യന്ത്രത്തകരാര്‍ മൂലം മോശം തുടക്കം ലഭിച്ച വെറ്റലിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മെഴ്‌സിഡസിലെ ഹാമിള്‍ട്ടന്റെ സഹതാരം വള്‍ട്ടേരി ബോത്താസിനാണ് രണ്ടാംസ്ഥാനം. റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അഞ്ചാം സ്ഥാനം ഫോഴ്‌സ് ഇന്ത്യയുടെ സെര്‍ജിയോ പെരേസും ആറാം സ്ഥാനത്ത് ഫോഴ്‌സ് ഇന്ത്യയുടെ തന്നെ എസ്റ്റീബന്‍ ഒക്കോണും ഫിനിഷ് ചെയ്തു. എന്നാല്‍ യന്ത്രതകരാര്‍ മൂലം റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന് 18ാം സ്ഥാനം കൊണ്ട്   തൃപ്തിപ്പെടേണ്ടി വന്നു. '2007ലായിരുന്നു താന്‍ ആദ്യമായി കിരീടം നേടിയത്. പിന്നീട് ഇത് പലതവണ ആവര്‍ത്തിച്ചു. മഹത്തരമായ നേട്ടമായാണ് ഇത് കാണുന്നത്'- മല്‍സരശേഷം ഹാമിള്‍ട്ടണ്‍ പ്രതികരിച്ചു. ഓരോ സീസണ്‍ കഴിയുമ്പോഴും കാറോട്ടത്തോടുള്ള സ്‌നേഹം കൂടിവരികയാണെന്നും ഹാമിള്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.——ഒരു മണിക്കൂര്‍ 33 മിനിറ്റ് 0.5154 സെക്കന്റ് സമയംകൊണ്ടാണ് ഹാമിള്‍ട്ടന്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. ബോത്താസ് ഒരു മണിക്കൂര്‍ 33 മിനിറ്റ് 24.937 സെക്കന്റുകള്‍ കൊണ്ടാണ് ഫിനിഷ് ചെയ്തത്. കനേഡിയന്‍ ഗ്രാന്റ്പ്രീ കിരീടത്തോടെ റാങ്കിങില്‍ 222 പോയിന്റുകളുമായി മെഴ്‌സിഡസ് വ്യക്തമായ ലീഡ് നേടിയെടുത്തു. രണ്ടാം സ്ഥാനത്തുള്ള ഫെറാരിക്ക് 214 പോയിന്റുകളും മൂന്നാം സ്ഥാനത്തുള്ള റെഡ്ബുള്ളിന് 112 പോയിന്റും നാലാം സ്ഥാനത്തുള്ള ഫോഴ്‌സ് ഇന്ത്യക്ക് 71 പോയിന്റുകളുമാണുള്ളത്.
Next Story

RELATED STORIES

Share it