thrissur local

കനാലിലൂടെയുള്ള ജലമൊഴുക്ക്; കൃഷിക്ക് ദോഷമാവുന്നതായി പരാതി

മാള: കനാലിലൂടെയുള്ള ജലം ഒഴുക്കല്‍ കൃഷിക്ക് ഗുണത്തിനൊപ്പം ദോഷകരമായും മാറുന്നതായി ആരോപണം. കുഴൂര്‍ ഗ്രാമപ്പ ഞ്ചായത്തിലെ 5, 8, 12 വാര്‍ഡുകളിലെ കൃഷികള്‍ക്കാണ് കനാല്‍വെള്ളം ഒരേ സമയം ഗുണ—വും ദോഷവുമാവുന്നത്. അഞ്ചാം വര്‍ഡിലെ വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതാണ് പ്രശ്‌നത്തിന് കാരണം. ഇതുമൂലം എട്ടാം വാര്‍ഡിലെ കൃഷി നശിക്കുന്നതായാണ് പരാതി.
കുണ്ടൂര്‍ പള്ളി പരിസരത്തെ കുണ്ടന്‍ചിറയില്‍ വെള്ളം തടസ്സപ്പെടുന്നതാണ് അഞ്ചാംവാര്‍ഡിലെ ജലമൊഴുക്ക് നിലയ്ക്കാന്‍ കാരണം. കനാലിലൂടെ വെള്ളം തുറന്നുവിടുന്നയവസരങ്ങളില്‍ കനാല്‍ നിറഞ്ഞ് കവിഞ്ഞാണ് വെള്ളമൊഴുകുന്നത്. പാടശേഖരത്തില്‍ നിറയുന്ന വെള്ളം കരയിലേക്കും കയറുകയാണ്. എട്ടാം വാര്‍ഡിലെ മാത്രം 150 ഏക്കറോളം സ്ഥലത്തെ വാഴകൃഷിയാണ് ഇതുമൂലം നശിക്കുന്നത്. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്ന് വാഴയുടെ ഇലകള്‍ പഴുത്ത് തുടങ്ങിയിട്ടുണ്ട്. ഏക്കറുകണക്കിന് സ്ഥലത്തെ ജാതികൃഷിയും നാശത്തിന്റെ വക്കിലാണ്.
ജാതിമരങ്ങളില്‍ പലതും വാടിയിരിക്കയാണ്. എട്ടാം വാര്‍ഡിലെ പുഞ്ചപ്പാടത്ത് കൃഷിയിറക്കാനാവാത്ത തരത്തില്‍ വെള്ളം നിറഞ്ഞു. കുണ്ടന്‍ചിറയില്‍ പായലും മറ്റും നിറഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതാണ് അധികജലം ഒഴുകി പോകാന്‍ തടസ്സം. കനാലിലൂടെ വെള്ളം നിയന്ത്രിത തോതില്‍ വിടണമെന്ന ഒരുവിഭാഗം കര്‍ഷകരുടെ ആവശ്യം പരിഗണിക്കപ്പെടുന്നില്ല. തങ്ങളിറക്കിയിരിക്കുന്ന കൃഷിക്ക് ആവശ്യമായ ജലം ലഭിക്കണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കുഴൂര്‍ ഗ്രാമപ്പഞ്ചായത്തും കുഴൂര്‍ കൃഷിഭവനും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Next Story

RELATED STORIES

Share it