kannur local

കത്തിയമര്‍ന്ന ലോറിയുടെ അവശിഷ്ടം അര്‍ധരാത്രി ബീച്ചില്‍ കുഴിച്ചുമൂടി

എടക്കാട്: മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപം കത്തിനശിച്ച ലോറിയുടെ അവശിഷ്ടം ഡ്രൈവ് ഇന്‍ ബീച്ചില്‍ കുഴിച്ച് മൂടി. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം അര്‍ധരാത്രി പോലിസ് കാവലിലായിരുന്നു നടപടി. തൊഴിലാളികള്‍ കൊണ്ടുവന്നാണ് ഉരുകിയൊലിച്ച പെയിന്റുകള്‍ അടക്കമുള്ള അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയത്. ഇതിനായി പ്രത്യേകം കുഴികളെടുത്തിരുന്നു. ഇത് പരിസരവാസികളുടെ എതിര്‍പ്പിനിടയാക്കി. അവശിഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ദിനേന നിരവധി സഞ്ചാരികളെത്തുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട ബീച്ചില്‍ ഖര-രാസമാലിന്യങ്ങള്‍ നിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും ഇതു തീരപരിപാലന ചട്ടങ്ങള്‍ക്ക് എതിരാണെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, നാട്ടുകാരുടെ ആവശ്യം പോലിസ് ചെവിക്കൊണ്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പെയിന്റ് ഉല്‍പന്നങ്ങളുമായി പോവുകയായിരുന്ന ലോറി മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപം കത്തിയമര്‍ന്നത്. അതേസമയം, ടോള്‍ ബൂത്തില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങളില്‍ ആശങ്കയിലാണ് നാട്ടുകാര്‍. 2016 ആഗസ്ത് എട്ടിനു കണ്ടെയ്‌നര്‍ ലോറി ടോള്‍ബൂത്തിലേക്ക് പാഞ്ഞുകയറി ഒരു ജീവനക്കാരന്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് ചെറുതും വലുതുമായ അപകടങ്ങള്‍ പതിവാണ്.
Next Story

RELATED STORIES

Share it