കണ്ണൂര്‍ സ്വദേശിയെ ഫഌറ്റിലേക്ക് വിളിച്ചുവരുത്തി പണം തട്ടിയ സംഭവം: ആറുപേര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഫഌറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം ചിത്രങ്ങളും വീഡിയോയും എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ സംഘത്തിലെ ആറുപേര്‍ അറസ്റ്റിലായി.
കൊടുങ്ങല്ലൂര്‍ വള്ളിവട്ടം തറയില്‍ ഇടവഴിക്കല്‍ ഷമീ റിന്റെ ഭാര്യ ഷെമീന (26), തൃശൂര്‍ വെളപ്പായ കുണ്ടോളിവീട്ടില്‍ ശ്യാം ബാബു (25), അവണൂര്‍ കാക്കനാട്ട് വീട്ടില്‍ സംഗീത് (28), ചേറ്റുപുഴ മുടത്തോളി അനീഷ് (34), വയനാട് വൈത്തിരി സ്വദേശി നസീമ, ഭര്‍ത്താവ് അക്ബര്‍ ഷാ എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ പി സി ബിജുകുമാര്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നു പിടികൂടിയത്. നസീമയെയും ഭര്‍ത്താവ് അക്ബര്‍ ഷായെയും ഇന്നലെ ഗൂഡല്ലൂരില്‍ വച്ചും മറ്റുള്ളവരെ തൃശൂര്‍ അരണാട്ടുകരയില്‍ വച്ചുമാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 15നാണു കേസിനാസ്പദമായ സംഭവം. കൊടുങ്ങല്ലൂര്‍ ചന്തപുരയില്‍ ഫഌറ്റിലാണ് നസീമയും ഭര്‍ത്താവും താമസിക്കുന്നത്. സംഭവദിവസം നസീമ പരാതിക്കാരനെ കൊടുങ്ങല്ലൂരിലേക്ക് വിളിച്ചുവരുത്തി. ഈ സമയം തന്നെ ഷമീനയെയും ആണ്‍സുഹൃത്തുക്കളായ ശ്യാമിനെയും സംഗീതി നെയും വിളിച്ചുവരുത്തിയിരു ന്നു. നസീമ പറഞ്ഞിട്ടെന്നു പറഞ്ഞു ഷെമീന പരാതിക്കാരനെ ഫോണില്‍ വിളിച്ച് ഇയാളുടെ കാറില്‍ കയറി നസീമയുടെ ഫഌറ്റിലെത്തിച്ചു.  ഈ സമയം ശ്യാമും സംഗീതും ഡോറില്‍ തട്ടുകയും എന്നാല്‍ പുറത്തു നിന്നുവരുന്നവര്‍ അറിയാതിരിക്കാനെന്ന മട്ടില്‍ പരാതിക്കാരനെയും ഷെമിനയെ യും ഒരു റൂമിലേക്ക് മാറ്റുകയും ചെയ്തു. ഉടനെ പുറത്തു നിന്ന് എത്തിയവരും റൂമില്‍ ഒളിച്ചുനിന്നിരുന്ന അക്ബര്‍ ഷായും റൂം തുറന്നു പരാതിക്കാരനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി സ്ത്രീകളോടൊപ്പം നിര്‍ത്തി ചിത്രങ്ങളെടുക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ ഇടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ഇതിനിടെ ഇവരുടെ സുഹൃത്ത് അനീഷിനെ വിളിച്ചുവരുത്തി. പ്രശ്‌നം ഒത്തുതീര്‍പ്പാക്കണമെങ്കില്‍ മൂന്നു ലക്ഷം തരണമെന്നും അല്ലെങ്കില്‍ ഇയാളുടെ കാര്‍ തട്ടിയെടുക്കുമെന്നും പറഞ്ഞു. പോലിസിനെ വിളിക്കാന്‍ ശ്രമിച്ച പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഇവര്‍ സ്വിച്ച്ഓഫ് ചെയ്തു. പഴ്‌സും എടിഎം കാര്‍ഡും ബലമായി വാങ്ങിയ പ്രതികള്‍ 35,000 രൂപയും കൈക്കലാക്കി. തുടര്‍ന്ന് രണ്ടുപേര്‍ പണമെടുക്കാന്‍ പോയെങ്കിലും അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. പിന്നീട് മൂന്നുലക്ഷം രൂപ ഷമീനയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു കൊള്ളാെമന്നു സമ്മതിച്ച് തന്ത്രപൂര്‍വം രക്ഷപ്പെട്ട പരാതിക്കാരന്‍ സ്‌റ്റേഷനിലെത്തുകയായിരുന്നു. ഷമീനയും നസീമയും ദീര്‍ഘകാലമായി സുഹൃത്തുക്കളാണ്. ഖത്തറിലും ബഹ്‌റയ്‌നിലും ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. ആറു മാസം മുമ്പു നാട്ടിലെത്തിയ ഷെമിന അരണാട്ടുകരയില്‍ ഒരു വീട് വാടകയ്‌ക്കെടുത്തു ശ്യാമുമൊത്ത് താമസിച്ചുവരികയായിരുന്നു.
Next Story

RELATED STORIES

Share it