kannur local

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇ-ഗവേണന്‍സ് പദ്ധതി ചുവപ്പുനാടയില്‍



കണ്ണൂര്‍: ദൈനംദിന പ്രവര്‍ത്തനം സുഗമമാക്കാനും വിവിധ പഠനവകുപ്പുകളെയും ഭരണകേന്ദ്രങ്ങളെയും ഓണ്‍ലൈനായി ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാനുമായി കണ്ണൂര്‍ സര്‍വകലാശാലയില്‍ ആവിഷ്‌കരിച്ച ഇ-ഗവേണന്‍സ് പദ്ധതി ചുവപ്പുനാടയില്‍. പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ സ്വകാര്യകമ്പനിയെ മാറ്റിയെങ്കിലും തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. സര്‍വകലാശാലയുടെ 2014-2015 ബജറ്റില്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ അഞ്ചുകോടിയുടെ ഗ്രാന്റ് അനുവദിച്ച പദ്ധതിക്കാണ് ഈ ഗതി. കണ്ണൂര്‍ സര്‍വകലാശാല ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് സമര്‍പ്പിച്ച 442 കോടിയുടെ വികസന പദ്ധതിയില്‍ 198 കോടിക്ക് ഇക്കഴിഞ്ഞ ജൂണിലാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഇതുപ്രകാരം ഇ-ഗവേണന്‍സ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ അവശേഷിക്കുന്ന 3.70 കോടി രൂപയുടെ വിനിയോഗത്തിനായി പദ്ധതി തയാറാക്കിയിരുന്നു. കേരളത്തിന് വെളിയിലെ സ്വകാര്യ ഐടി കമ്പനിയായ ഇന്‍ഫിനിറ്റി സൊല്യൂഷന്‍സിനായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്നാല്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ കമ്പനിയെ മാറ്റി. പകരം പുതിയ കമ്പനിയെ നിയോഗിച്ചതുമില്ല. ഇതാണ് പദ്ധതി അനിശ്ചിതത്വത്തിലാവാന്‍ കാരണം. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഫയലുകള്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എവിടെനിന്നും പരിശോധിക്കാനും തീര്‍പ്പാക്കാനും കഴിയും. സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെയും ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെയും കാലതാമസം ഒഴിവാക്കാനും സാധിക്കും. കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളിലെല്ലാം നിലവില്‍ ഫയലുകള്‍ ഓണ്‍ലൈനായി തീര്‍പ്പാക്കാനുള്ള സംവിധാനമുണ്ട്. ഇതിന് പുറമെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളെയും ഓണ്‍ലൈനായി ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയറിന് രൂപംനല്‍കാനും പദ്ധതിയുണ്ടായിരുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം പോലും തുടങ്ങിയിട്ടില്ല. ഓണ്‍ലൈനായി ഫയല്‍ പരിശോധിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ ഫയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുറിപ്പായി വൈസ് ചാന്‍സലര്‍ ഇ-മെയില്‍ അയക്കുകയാണ്. കുറിപ്പ് വായിച്ച് വിസി അംഗീകാരം നല്‍കുന്നു. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ രേഖപ്പെടുത്താനും സംവിധാനമില്ല. ഇക്കഴിഞ്ഞ സപ്തംബര്‍ 23ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇ-ഗവേണന്‍സ് കോ-ഓഡിനേറ്ററായി ഡോ. രാജുവിനെ നിയമിച്ചിരുന്നു.
Next Story

RELATED STORIES

Share it