kannur local

കണ്ണൂര്‍ വിമാനത്താവളത്തിലെ നിയമനം : യുഡിഎഫ് കാലത്തെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം



കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ (കിയാല്‍) യുഡിഎഫ് ഭരണകാലത്ത് താല്‍ക്കാലിക നിയമനം നടത്തിയ ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം തുടങ്ങി. എന്‍ജിനീയര്‍ തസ്തികയില്‍ ഉള്‍പ്പെടെ കിയാലില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന നിരവധി പേരെയാണു തീരുമാനം ബാധിക്കുക. നേരത്തേ, യുഡിഎഫ് ഭരണകാലത്തു നടന്ന നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന് ഡിവൈഎഫ്‌ഐയും ഇ പി ജയരാജന്‍ എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. യുഡിഎഫിലെ പ്രബലകക്ഷികളുടെ നേതാക്കള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നു ലക്ഷങ്ങള്‍ വാങ്ങി താല്‍ക്കാലിക നിയമനം നടത്തിയതായാണു പരാതിയുയര്‍ന്നിരുന്നത്. ചെറിയ തസ്തികകളിലേക്കു പോലും 15 ലക്ഷം വരെ വാങ്ങിയതായാണു വിവരം. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ജോലി സ്ഥിരപ്പെടുമെന്നു കരുതിയാണ് പലരും ലക്ഷങ്ങള്‍ നല്‍കി ജോലി സമ്പാദിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ നീക്കം ഇവര്‍ക്കു കനത്ത തിരിച്ചടിയാവും. പ്രത്യേകിച്ച് വിമാനത്താവളം ഉദ്ഘാടനം കാത്തു കഴിയുമ്പോള്‍. ഇതിനു പുറമെ, താല്‍ക്കാലിക ജീവനക്കാരെ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്ന മുറയ്ക്കു സ്ഥിരപ്പെടുത്താനുള്ള തീരുമാനവും ഡയറക്ടര്‍ ബോര്‍ഡ് റദ്ദാക്കിയിട്ടുണ്ട്. സ്ഥിരനിയമനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ശമ്പളം കുറവാണെങ്കിലും പലരും കിയാലില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണു താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരനിയമന തീരുമാനം റദ്ദാക്കിയത്. 2015 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, കിയാല്‍ ഡയറക്ടര്‍ ബോ ര്‍ഡ് എടുത്ത തീരുമാനം കഴിഞ്ഞ ഏപ്രില്‍ 15നു ചേര്‍ന്ന ബോര്‍ഡ് യോഗം റദ്ദാക്കിയിരുന്നു. കിയാലില്‍ അഞ്ചു വര്‍ഷം പിന്നിട്ട മൂന്നു പേരെ സ്ഥിരപ്പെടുത്താനും മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന മുറയ്ക്കു മറ്റു ജീവനക്കാരെയും സ്ഥിരപ്പെടുത്താനുമായിരുന്നു ആദ്യ തീരുമാനം. ഇതനുസരിച്ച്, മൂന്നു പേര്‍ക്ക് 2015ല്‍ തന്നെ സ്ഥിരനിയമനം നല്‍കി. സ്ഥിര നിയമനത്തിനുള്ള നടപടികള്‍ തുടങ്ങിയതായി മറ്റു ഏഴു പേരെ കിയാല്‍ അധികൃതര്‍ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇവരുടെ സ്ഥിരനിയമനത്തിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണു കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന കിയാല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അപ്രതീക്ഷിത തീരുമാനം.
Next Story

RELATED STORIES

Share it