kannur local

കണ്ണൂര്‍ വിമാനത്താവളം: വിദഗ്ധസംഘം 24നു പരിശോധിക്കും

കണ്ണൂര്‍: മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പരീക്ഷണ പറക്കലിനൊരുങ്ങുന്നു. വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതിലെ പ്രധാന ചുവടുവയ്പായ പരീക്ഷണ പറക്കല്‍ ഫെബ്രുവരി ആദ്യവാരം നടക്കും. പരീക്ഷണ പറക്കലിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡിജിസിഎല്‍) അനുമതി ആവശ്യമാണ്. സിവില്‍ ഏവിയേഷന്‍ വിദഗ്ധ സംഘം 23, 24 തിയ്യതികളില്‍ പരിശോധനയ്ക്കായി വിമാനത്താവളത്തിലെത്തുമെന്ന് കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(കിയാല്‍) എംഡി ജെ ചന്ദ്രമൗലി അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച 19 പരിശോധന മാനദണ്ഡങ്ങള്‍ ഡിജിസിഎല്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2400 മീറ്റര്‍ റണ്‍വേയാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായത്. ഇതിന്റെ 1500 മീറ്റര്‍ ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയായിരിക്കും പരീക്ഷണ പറക്കലിന് ഉപയോഗിക്കുക. സാധാരണ വിമാനത്താവളത്തില്‍ സജ്ജീകരിക്കുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷണപറക്കലിനായി ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണപറക്കല്‍ ചരിത്രസംഭവമാക്കാന്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരീക്ഷണ പറക്കലിന്റെ ഭാഗമായി പൊതുപരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. സാധാരണയായി സാങ്കേതിക സഹായങ്ങളില്ലാതെ പൈലറ്റ് നേരിട്ടു കണ്ട് മനസ്സിലാക്കി വേണം പരീക്ഷണ പറക്കലിന്റെ ഭാഗമായി വിമാനമിറങ്ങാനും പറന്നുയരാനുമെന്നതാണ് പ്രത്യേകത.
കോഴിക്കോട് ഏവിയേഷന്‍ ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോളിന്റെ സഹായം പരീക്ഷണപറക്കലിനുണ്ടാവും. വ്യോമസേന, നാവികസേന, രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമി എന്നിവയുമായി പരീക്ഷണ പറക്കലിനായി വിമാനം ലഭ്യമാക്കാന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കിയാല്‍ എംഡി പറഞ്ഞു. ഉച്ചയ്ക്കുശേഷമാണ് പരീക്ഷണ പറക്കല്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. കോഴിക്കോട് നിന്നെത്തുന്ന വിമാനം മൂര്‍ഖന്‍പറമ്പിലെ റണ്‍വേയിലിറങ്ങി ഔപചാരിക ചടങ്ങുകള്‍ക്ക് ശേഷം വീണ്ടും പറന്നുയരും. പരിപാടിയുടെ ഭാഗമായി പൊതുചടങ്ങ് കൂടി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. റണ്‍വേ പ്രത്യേകം ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കും. ഇതിന് പുറത്തായി ഏപ്രണിന്റെ സമീപത്താണ് ചടങ്ങ് ഉദ്ദേശിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് പരീക്ഷണ പറക്കല്‍ കാണാന്‍ സൗകര്യമുണ്ടാവും. ഇതിനായി പ്രത്യേക സ്ഥലം ക്രമീകരിക്കും. സുരക്ഷാ ചുമതലക്കായി പോലിസ് സേനയെയും അഗ്നിശമന സേനാവിഭാഗങ്ങളെയും നിയോഗിക്കും. പരീക്ഷണ പറക്കലിന്റെ അനുഭവത്തില്‍നിന്ന് വിമാനത്താവളത്തിന്റെ നിര്‍മാണത്തിലും ക്രമീകരണത്തിലും എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ പൈലറ്റിന്റെ നിര്‍ദേശാനുസരണം നടപടികള്‍ സ്വീകരിക്കും.
ഉദ്ഘാടനത്തിനുമുമ്പ് അത്തരം കാര്യങ്ങള്‍ ചെയ്യാനാകുമെന്നതാണ് പരീക്ഷണ പറക്കലിന്റെ പ്രധാന നേട്ടമെന്നും കലക്ടര്‍ പറഞ്ഞു. ഏഴിമല നാവിക അക്കാദമി ലഫ്. കമാണ്ടര്‍ അമിത്കുമാര്‍, സബ് കലക്ടര്‍ നവജോത് ഖോസ, ഡെപ്യൂട്ടി കലക്ടര്‍(എല്‍ആര്‍) പി കെ സുധീര്‍ ബാബു, കിയാല്‍ ചീഫ് പ്രൊജക്റ്റ് ഓഫിസര്‍ കെ പി ജോസ്, മാനേജര്‍ അജയകുമാര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിവിധ വകുപ്പുകള്‍, കെഎസ്ഇബി, ബിഎസ്എന്‍എല്‍, ഫയര്‍ഫോഴ്‌സ്, മട്ടന്നൂര്‍ നഗരസഭ, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it