Flash News

കണ്ണൂര്‍ വിമാനത്താവളം : ആറ് റോഡുകള്‍ നാലുവരിയാക്കും



കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറു റോഡുകള്‍ നാലുവരിയായി വികസിപ്പിക്കാനുള്ള വിശദമായ അലൈന്‍മെന്റ് പ്രപ്പോസല്‍ രണ്ടു മാസത്തിനകം സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. തലശ്ശേരി കൊടുവള്ളി ഗേറ്റ്-മമ്പറം-എയര്‍പോര്‍ട്ട് റോഡ്- 24.50 കിലോമീറ്റര്‍, കുറ്റിയാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ്- 52.20 കിലോമീറ്റര്‍, മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ്- 63.5 കിലോമീറ്റര്‍, കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍ വായന്തോട് റോഡ്- 32 കിലോമീറ്റര്‍, തളിപ്പറമ്പ്-നാണിച്ചേരി പാലം-മയ്യില്‍-ചാലോട് റോഡ്- 27.2 കിലോമീറ്റര്‍, മേലെ ചൊവ്വ-ചാലോട്-വായന്തോട്-എയര്‍പോര്‍ട്ട് റോഡ്- 26.30 കിലോമീറ്റര്‍ എന്നിവയാണു വികസിപ്പിക്കുക. അലൈന്‍മെന്റ് അന്തിമമാക്കി വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാനുള്ള ഏജന്‍സിയെ ഉടന്‍ നിശ്ചയിക്കും. ഡിപിആര്‍ നാലുമാസത്തിനകം തയ്യാറാക്കാനാണു ധാരണ. നേരത്തേ കുറ്റിയാടി-നാദാപുരം-പേരോട്-ചെറുവാഞ്ചേരി-എയര്‍പോര്‍ട്ട് വഴിയുള്ള പ്രപ്പോസലാണ് പെരിങ്ങത്തൂര്‍-പാനൂര്‍ വഴിയാക്കാന്‍ തീരുമാനിച്ചത്. രണ്ടുമാസത്തിനകം ഈ റോഡുകളുടെ അലൈന്‍മെന്റ് പ്രപ്പോസല്‍ അന്തിമമാക്കി കിഫ്ബി ബോര്‍ഡിന് സമര്‍പ്പിക്കും. വിമാനത്താവളത്തിന്റെ റണ്‍വേ 4,000 മീറ്ററായി ദീര്‍ഘിപ്പിക്കുന്നതിനാവശ്യമായ 255 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേ അടിയന്തരമായി ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. നവംബറില്‍ തന്നെ സര്‍വേ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കണമെങ്കില്‍ സര്‍വേ നടത്തേണ്ടത് ആവശ്യമാണെന്ന് കിയാല്‍ എംഡി പി ബാലകിരണ്‍ അറിയിച്ചു. വിമാനത്താവള നിര്‍മാണത്തിന്റെ എന്‍ജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ 95 ശതമാനവും പൂര്‍ത്തിയായി. ആഗമന ടെര്‍മിനല്‍ ഏകദേശം പൂര്‍ത്തിയായി. ടെര്‍മിനല്‍ കെട്ടിടത്തിന്റെയും റണ്‍വേയുടെയും ജോലികള്‍ ജനുവരിയോടെ പൂര്‍ത്തിയാക്കാനാവും. 13 അന്താരാഷ്ട്ര കമ്പനികളടക്കം 20 കമ്പനികള്‍ സര്‍വീസ് നടത്താനായി സമീപിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു കമ്പനി റൂട്ട് ഉള്‍പ്പെടെ പ്രഖ്യാപിച്ചു.മറ്റു സംവിധാനങ്ങള്‍ക്കുവേണ്ടിയുള്ള 25 കമേഴ്‌സ്യല്‍ ടെന്‍ഡറുകള്‍ നവംബറില്‍ തന്നെ നടത്തും. വ്യോമയാന ഡയറക്ടര്‍ ജനറലിന്റേതടക്കമുള്ള സാങ്കേതിക അനുമതികളാണ് ഇനി ലഭിക്കാനുള്ളത്. ഇവയും നാലഞ്ചു മാസത്തിനകം ലഭ്യമാവുമെന്നാണു പ്രതീക്ഷ. അഞ്ചു മാസത്തിനകം വിമാനത്താവളം ഉദ്ഘാടനം ചെയ്യാന്‍ കഴിയുംവിധം പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ബാലകിരണ്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it