കണ്ണൂര്‍ മെഡിക്കല്‍ കോളജ്: വഴിവിട്ട സഹായത്തില്‍ ദുരൂഹതകളേറെ

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശനം സാധുവാക്കാന്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണത്തിനു പിന്നില്‍ ദുരൂഹതകളേറെ. 150 വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിക്കരുതെന്ന പേരിലാണ് മെഡിക്കല്‍ ബില്ല് ഇന്നലെ ചേര്‍ന്ന നിയമസഭായോഗം പാസാക്കിയത്. മാനേജ്‌മെന്റുമായുള്ള ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്തുകളിയാണ് പിന്നിലെന്നതു വ്യക്തം.
വിദ്യാര്‍ഥികളെ മാനദണ്ഡം പാലിക്കാതെ പ്രവേശിപ്പിച്ചതിനെതിരായ ഹരജി ഇന്നു സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് നിയമനിര്‍മാണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വിദ്യാര്‍ഥി പ്രവേശനം റദ്ദാക്കുകയും കഴിഞ്ഞ ആഴ്ച ഹരജി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സിപിഎമ്മുമായി സഹകരിക്കുന്ന കാന്തപുരം വിഭാഗം സുന്നി നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ്.
മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളുമായും ബന്ധം സൂക്ഷിക്കുന്ന മാനേജ്‌മെന്റിനെ തൃപ്തിപ്പെടുത്തുന്നതിനു പിന്നില്‍ കോഴ ആരോപണവും ഉയരുന്നുണ്ട്. 2016-17 വിദ്യാഭ്യാസ വര്‍ഷത്തെ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പാലിക്കാതെ സ്വന്തമായി പ്രവേശന പരീക്ഷ നടത്തുകയും വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ അധികം വാങ്ങി പ്രവേശനം നല്‍കുകയും ചെയ്തെന്നാണു പരാതി. സുപ്രിംകോടതി വിധിക്കെതിരായതിനാല്‍ 150 സീറ്റുകള്‍ 100 സീറ്റായി ചുരുക്കിയപ്പോള്‍ പുറത്തായവര്‍ പ്രവേശനത്തിന് നല്‍കിയ പണവും സര്‍ട്ടിഫിക്കറ്റുകളും തിരികെ നല്‍കാന്‍ മനേജ്‌മെന്റ് തയ്യാറായില്ല. ഇവ തിരിച്ചുകിട്ടാന്‍ കൊട്ടാരക്കര ഇഞ്ചക്കാട്ടെ അഡ്വ. ശിവശങ്കരന്‍ പിള്ള, കൊല്ലം കരുനാഗപ്പള്ളിയിലെ വിനോദ് സാമുവല്‍ എന്നിവരടക്കം അഞ്ചു വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് വിവാദമായത്.
മുന്‍ മന്ത്രി സുന്ദരന്‍ നാടാരുടെ മകന്‍ സുരേഷ് മുഖ്യമന്ത്രിക്കും പരാതി നല്‍കി. തുടര്‍ന്ന് എംഡി ജബ്ബാര്‍ ഹാജിയുടെ മാട്ടൂലിലെ തറവാട്ടു വീട്ടിലും പഴയങ്ങാടി ബീവി റോഡിലെ ഭാര്യവീട്ടിലും പോലിസ് റെയ്ഡ് നടത്തി. പ്രസ്റ്റീജ് എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ പേരിലാണ് മെഡിക്കല്‍ കോളജ് പഴയങ്ങാടി രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തത്. 2001ല്‍ ജബ്ബാര്‍ ഹാജിയായിരുന്നു ചെയര്‍മാന്‍. 2004ല്‍ ഭാര്യ നസീറയെയും മകന്‍ ജാബിര്‍ ജബ്ബാറിനെയും ട്രസ്റ്റ് ഡയറക്ടര്‍മാരാക്കി. 2011ല്‍ 88 വയസ്സുകാരനായ ഭാര്യാപിതാവ് എ കെ മഹ്മൂദ് ഹാജിയെ ചെയര്‍മാനാക്കി.
Next Story

RELATED STORIES

Share it