kannur local

കണ്ണൂര്‍ ജില്ല കഞ്ചാവ് മാഫിയയുടെ ഹബ്ബായി മാറുന്നു

ഇരിട്ടി: കഞ്ചാവ്-മയക്കുമരുന്ന് മാഫിയകളുടെ ഹബ്ബായി കണ്ണൂര്‍ ജില്ല മാറുന്നുവെന്ന ആശങ്കകള്‍ ശക്തമാവുന്നു. അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്നതിനാല്‍ മലയോരത്ത് ആഴ്ചകള്‍ക്കിടെ തന്നെ വന്‍തോതിലുള്ള കഞ്ചാവ് വേട്ടയാണു നടന്നത്. ഇന്നലെ വാഹന പരിശോധനയ്ക്കിടെ കൂട്ടുപുഴ എക്‌സൈസ് ചെക് പോസ്റ്റില്‍ യുവാവില്‍ നിന്ന് 10 കിലോ കഞ്ചാവാണ് പിടികൂടിയത്. പരപ്പനങ്ങാടി സ്വദേശി മുബശ്ശിറി(23)നെയാണ്  ക്രിസ്മസ്-പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ഏര്‍പ്പെടുത്തിയ ശക്തമായ പരിശോധനയ്ക്കിടെ പിടികൂടിയത്.
15 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് സംഘം പിടികൂടിയത്. ബാഗ്ലൂരില്‍ നിന്ന് തിരൂരിലേക്ക് പോവുന്ന പികെ ട്രാവല്‍സ് ടൂറിസറ്റ് ബസ്സില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമാണ് യുവാവെന്നാണ് എക്‌സൈസ് സംഘത്തിന്റെ കണ്ടെത്തല്‍. ആന്ധ്രാപ്രദേശില്‍ നിന്നെത്തുന്ന കഞ്ചാവാണ് ബാംഗ്ലൂര്‍ വഴി കടത്താന്‍ ശ്രമിച്ചതെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്.
സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴ കര്‍ണാടക അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാത്ത ഒരു കോടി രൂപയും പിടിച്ചെടുത്തിരുന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് വന്‍ കഞ്ചാവ് കടത്ത് പിടികൂടുന്നത്. ഒരാഴ്ച്ച മുമ്പ് വാഹന പരിശോധനയ്ക്കിടെ ഇരിട്ടി പോലിസ് വന്‍ കഞ്ചാവ് കടത്ത് പിടികൂടിയിരുന്നു.
ക്രിസ്മസ്-പുതുവല്‍സര ഭാഗമായി സംസ്ഥാനത്തേക്കുള്ള മദ്യ-ലഹരി-പാന്‍ ഉല്‍പ്പന്ന കടത്ത് തടയാന്‍ പോലിസും എക്‌സൈസും പ്രത്യേകസംഘങ്ങളെ നിയോഗിച്ച് സംസ്ഥാന അതിര്‍ത്തിയില്‍ ഊര്‍ജിത വാഹന പരിശോധനയിലാണ്. ഇതിനിടെ, കഴിഞ്ഞ ദിവസം കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റില്‍ നിന്നു രണ്ട് കണ്ണൂര്‍ സിറ്റി സ്വദേശികളെയും വന്‍ കഞ്ചാവ് ശേഖരവുമായി പിടികൂടിയിരുന്നു.  മാസങ്ങള്‍ക്കു മുമ്പ് ബംഗളൂരുവില്‍ ഇയാളുടെ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍യുവാവ് മരിച്ചിരുന്നു.
അന്നും കഞ്ചാവ് പൊതികള്‍ കണ്ടെടുത്തിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും കഞ്ചാവ് കടത്ത് തുടരുകയായിരുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവും മയക്കുമരുന്നും സുലഭമാണ്. പലയിടത്തും പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയാണ് സംഘം വിഹരിക്കുന്നത്. ചെറിയ ക്ലബ്ബുകളുടെയും ഷെഡുകളുടെയും മറവിലാണ് കഞ്ചാവ് ഉപയോഗം തുടങ്ങുന്നത്.
Next Story

RELATED STORIES

Share it