kannur local

കണ്ണൂര്‍ ജില്ലയിലെ 20 പാലങ്ങള്‍ അപകടാവസ്ഥയില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ 20 പാലങ്ങള്‍ അപകടാവസ്ഥയിലെന്നു സര്‍ക്കാര്‍ റിപോര്‍ട്ട്. നിയമസഭയില്‍ ടി വി രാജേഷ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്താകെ 2249 പാലങ്ങള്‍ പരിശോധിച്ചതില്‍ 603 പാലങ്ങള്‍ മാത്രമാണ് പൂര്‍ണമായും സുരക്ഷിതമായവ. മിക്ക പാലങ്ങളും നവീകരിക്കുകയോ പൊളിച്ചുപണിയുകയോ വേണം. ബലക്ഷയം കാരണം 162 പാലങ്ങള്‍ക്ക് പുനര്‍നിര്‍മാണം ആവശ്യമാണ്. കണ്ണൂര്‍ ജില്ലയില്‍ നിരത്തുകളും പാലങ്ങളും വിഭാഗത്തിനു കീഴിലുള്ള 19 പാലങ്ങളും ദേശീയപാത വിഭാഗത്തിനു കീഴിലെ ഒരു പാലവും ഉള്‍പ്പെടെ 20 പാലങ്ങള്‍ അപകടാവസ്ഥയിലാണ്. കൊല്ലങ്കല്‍, തട്ടാരി, പഴയങ്ങാടി, അരവഞ്ചാല്‍, കൈയാരി, കുറുവ, മരുതായി, അയ്യപ്പന്‍തോട്, അഞ്ചരക്കണ്ടി, കാഞ്ഞിരോട്, ഒളവറ, കവ്വായി, ഇരിണാവ്, പാലപ്പുഴ, ആനപ്പന്തി, വെള്ളാട്, കാവുമ്പായി, വെങ്കുന്ന്, മണിയറ, ചൊവ്വ പാലങ്ങളാണിവ. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഓരോ ജില്ലയിലെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും പാലം വിഭാഗം എന്‍ജിനീയര്‍മാരും നടത്തിയ പരിശോധനയിലാണ് പാലങ്ങളുടെ അപകടസ്ഥിതി സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമായത്. അശാസ്ത്രീയമായ നിര്‍മാണവും അറ്റകുറ്റപ്പണിയിലെ ഗുരുതര വീഴ്ചയുമാണ് പല പാലങ്ങളുടെയും ബലക്ഷയത്തിനു കാരണം. ഇത്തരം പാലങ്ങള്‍ പുനര്‍നിര്‍മിക്കാനോ അറ്റകുറ്റപ്പണി നടത്താനോ നടപടി സ്വീകരിച്ചതായി മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. പാലം ബലപ്പെടുത്താനാവശ്യമായ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it