കണ്ണൂര്‍ കോര്‍പറേഷന്‍ തോല്‍വി: എ ഗ്രൂപ്പിനെതിരേ സുധാകരന്റെ പരസ്യവിമര്‍ശനം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് എ ഗ്രൂപ്പിനെതിരേ പരസ്യവിമര്‍ശനവുമായി കെ സുധാകരന്‍. കോണ്‍ഗ്രസ് പുരയ്ക്ക് മീതെ ചാഞ്ഞ പി കെ രാഗേഷ് എന്ന ഭൂതത്തെ തുറന്നുവിട്ടതും വളമിട്ട് വളര്‍ത്തി വലുതാക്കിയതും പാര്‍ട്ടിക്കകത്തെ ഒരു വിഭാഗമാണെന്ന് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്ന എം എം ഹസന്റെ പരാമര്‍ശം അനുചിതമാണെന്നും തന്നെ സംശയത്തിന്റെ നിഴലിലാക്കിയെന്നും സുധാകരന്‍ പറഞ്ഞു. പി കെ രാഗേഷാണ് കണ്ണൂരിലെ തോല്‍വിക്കു കാരണമെന്ന് എല്ലാവര്‍ക്കുമറിയാം. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. സംശയം ദുരീകരിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും അതിനു മുതിരാതെയാണ് ഹസന്‍ പ്രസ്താവന നടത്തിയത്. അതില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ട്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രീയ ബാലപാഠം പോലുമറിയാത്ത ബുദ്ധിഭ്രമം ബാധിച്ച ചെറുപ്പക്കാരനാണ് പി കെ രാഗേഷ്. രാഗേഷിന് അമിത പ്രാധാന്യം നല്‍കിയതു മാധ്യമങ്ങളാണ്. അദ്ദേഹത്തിനു പിന്നില്‍ ഒരു ശൃംഖലയുണ്ട്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കുമറിയാം. സുമ ബാലകൃഷ്ണനെതിരേ വിമതയെ നിര്‍ത്തിയതും അവരാണ്.
രാഗേഷിന്റെ വിമതപ്രവര്‍ത്തനത്തില്‍ മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ്സിനു നഷ്ടമായി. രാഗേഷ് ജയിച്ച വാര്‍ഡിനു പുറമേ മറ്റു രണ്ടു വാര്‍ഡുകളില്‍ കൂടി വിമതന്‍ കാരണം യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റു. മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യത്തിന്റെ ഹാങ് ഓവറിലാണ് ആ ചെറുപ്പക്കാരന്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്തത്. നിമിഷം തോറും അഭിപ്രായങ്ങളും നിലപാടുകളും മാറ്റിയ രാഗേഷ് ഒരു പാര്‍ട്ടിക്കും ഉള്‍ക്കൊള്ളാനാവാത്ത നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി സുമ ബാലകൃഷ്ണനെ മാറ്റണമെന്നായിരുന്നു ഏറ്റവും ഒടുവിലത്തെ നിര്‍ദേശം. എന്നാല്‍ സുമയെ മാറ്റിയാല്‍ വോട്ട് ചെയ്യുമോയെന്ന് കെപിസിസി ഉപസമിതി അധ്യക്ഷനായ മന്ത്രി കെ സി ജോസഫ് ചോദിച്ചപ്പോള്‍ മുസ്‌ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്നായിരുന്നു രാഗേഷിന്റെ നിലപാട്. വോട്ടെടുപ്പില്‍ ഇടത് മേയര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗിന് ലഭിക്കാന്‍ സാഹചര്യമൊരുക്കി.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ താന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. കെപിസിസി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്. എ ഗ്രൂപ്പ് നേതാക്കളുമായി നല്ല സൗഹൃദം തന്നെയാണുള്ളതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരേയും കെ സുധാകരന്‍ ആഞ്ഞടിച്ചു. സ്വകാര്യ ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ അച്ചടക്ക നടപടികളിലെ കാര്‍ക്കശ്യത്തിനെതിരേ സുധാകരന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. സിപിഎമ്മിനെ പോലെ ഒരു കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ്, മാസ് പാര്‍ട്ടിയാണ്. അതില്‍ കടുത്ത അച്ചടക്കം പാലിക്കാനാവില്ല. കെപിസിസി പ്രസിഡന്റ് അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മാറിച്ചിന്തിക്കേണ്ടി വരും. രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലാത്തയാളല്ല സുധീരന്‍.
തന്റെ വ്യക്തിത്വവും പ്രവര്‍ത്തനവും ആവശ്യമല്ലെന്നു നേതൃത്വത്തിനു തോന്നുന്നുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്നും സുധാകരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it