Flash News

കണ്ണൂര്‍ കൊലപാതകം: മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; രണ്ട് പേര്‍ പിടിയില്‍

കണ്ണൂര്‍ കൊലപാതകം: മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; രണ്ട് പേര്‍ പിടിയില്‍
X


കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ വെട്ടികൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി സൂചന. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് പേരാണ് അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.  പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഉടമ, വാഹനം വാടകക്കെടുക്കാന്‍ സഹായിച്ച ഇടനിലക്കാരന്‍ എന്നിവരാണ് പിടിയിലായത്. രാമന്തളി സ്വദേശി റിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. പയ്യന്നൂര്‍ മണിയറ വഴി വരികയായിരുന്ന KL60 L7633 നമ്പര്‍ ഇന്നോവ മാവിച്ചേരിയിലെ ഒരു വീട്ടില്‍ ഓടിച്ചു കയറ്റി രക്ഷപ്പെടുന്നതിനിടയില്‍ ആണ് പോലിസ് പിടികൂടിയത്. വാഹനത്തിന്റെ സീറ്റില്‍ മുളക് പൊടി വിതറിയ നിലയിലായിരുന്നു.ആക്രമികള്‍ ഉപയോഗിച്ച കാര്‍ ഇതുതന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്.കാറിന്റെ ഗ്ലാസില്‍ പതിച്ച സ്റ്റിക്കറില്‍ നിന്നാണ് കാര്‍ തിരിച്ചറിഞ്ഞത്. കാറിന്റെ ബമ്പറില്‍ ഇടിച്ച പാടുമുണ്ട്.
കൊല്ലപ്പെട്ട ബിജുവിന്റെ സുഹൃത്ത് രാജേഷിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. രാജേഷ് ഒഴികെ മറ്റ് ദൃക്‌സാക്ഷികളാരും മൊഴി നല്‍കാത്തതിനാല്‍, മൊബൈല്‍ ടവറും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തളിപ്പറമ്പ് ഡിവൈഎസ്പി കെ  വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ മുപ്പതിലധികം വരുന്ന പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, ജില്ലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ സംഘര്‍ഷങ്ങള്‍ നടന്ന പ്രദേശങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്.
Next Story

RELATED STORIES

Share it