കണ്ണൂര്‍ ഇക്കുറിയും തിളച്ചുമറിയും

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: സ്‌നേഹബന്ധങ്ങള്‍ക്കും സാമൂഹിക ബന്ധങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയത്തിന് വിലയിടുന്ന നാട്. കണ്ണൂരിനെക്കുറിച്ച് ഒറ്റനോട്ടത്തില്‍ ഇങ്ങനെ വ്യാഖ്യാനിക്കാം. തിരഞ്ഞെടുപ്പെന്നാല്‍ മറ്റിടത്തൊന്നും കാണാത്ത ആവേശമാണിവിടെ. ഇക്കുറി ആവേശം കൂടാന്‍ കാരണങ്ങള്‍ പലതുണ്ട്. ഭരണമാറ്റമുണ്ടാവുകയാണെങ്കില്‍ എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കു ഉയരുന്നതു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പേരാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ കണക്കെടുത്താല്‍ അടിപതറാത്ത ചെങ്കോട്ടയെന്നു കണ്ണൂരിനെ വിളിക്കേണ്ടിവരും.
എന്നാല്‍, നിയമസഭയിലെത്തുമ്പോള്‍ കാര്യങ്ങള്‍ അത്ര ഏകപക്ഷീയമല്ലെന്നു ചരിത്രം. ജില്ലയില്‍ ആകെയുള്ളത് 11 നിയമസഭാ മണ്ഡലങ്ങള്‍. ഇതില്‍ ആറിടത്ത് എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫുമാണ് ജയിച്ചത്. കഴിഞ്ഞ തവണ മൂന്നു മണ്ഡലങ്ങളില്‍ നേരിയ വോട്ടുകള്‍ ജയപരാജയം നിര്‍ണയിച്ചപ്പോള്‍ അത് സംസ്ഥാന ഭരണത്തില്‍തന്നെ നിര്‍ണായകമായി. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, മട്ടന്നൂര്‍, ധര്‍മടം, തലശ്ശേരി എന്നിവിടങ്ങളില്‍ വ്യക്തമായ മാര്‍ജിനോടെയാണ് സിപിഎം വിജയക്കൊടി നാട്ടിയത്. ഇക്കുറിയും ഈ മണ്ഡലങ്ങളെല്ലാം ഇടത്തോട്ടുതന്നെ ചായാനാണ് സാധ്യത. എന്നാല്‍, യുഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ ഇരിക്കൂര്‍ മാത്രമാണ് നില ഭദ്രമെന്നു പറയാനാവുക. നേരിയ ഭൂരിപക്ഷത്തിനു കഴിഞ്ഞ തവണ കൈവിട്ട മണ്ഡലങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് പ്രതിനിധികളായ എ പി അബ്ദുല്ലക്കുട്ടി ജയിച്ച കണ്ണൂരും (6443) സണ്ണി ജോ—സഫിന്റെ മണ്ഡലമായ പേരാവൂരും (3440), മുസ്‌ലിംലീഗ് പിടിച്ചെടുത്ത കെ എം ഷാജിയുടെ അഴീക്കോടും (493) ജനതാദള്‍ (യു)വിന്റെ കെ പി മോഹനന്‍ ജയിച്ച കൂത്തുപറമ്പും (3303) ആഞ്ഞുപിടിച്ചാല്‍ ഇടത്തോട്ടടുക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
വിഎസ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം നില മെച്ചപ്പെടുത്തിയെന്നതാണ് എല്‍ഡിഎഫിന്റെ കൈമുതല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ കരുത്തനായ കെ സുധാകരനെ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നു സിപിഎമ്മിന്റെ പി കെ ശ്രീമതി ടീച്ചര്‍ 6,566 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചതാണ് വലിയ നേട്ടം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനവും ഇടതിന് ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍, കൊലപാതക രാഷ്ട്രീയത്തില്‍പ്പെട്ട് മുഖം നഷ്ടപ്പെട്ട സിപിഎമ്മിനെ ഇക്കുറിയും തറപറ്റിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സിപിഎമ്മിനെതിരായ പൊതുവികാരവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസനനേട്ടങ്ങളും ജനസമ്മതി വര്‍ധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്.
കഴിഞ്ഞ തവണ ജങ്ങളെ കൈവിട്ട അഴീക്കോട്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ 9,000ത്തോളം വോട്ടുകള്‍ എല്‍ഡിഎഫിനു കൂടുതലുണ്ട്. എന്നാല്‍, കോര്‍പറേഷനിലെ കോണ്‍ഗ്രസ് വിമതശല്യമാണ് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമെന്നും നിയമസഭയില്‍ ഇത് പ്രകടമാവില്ലെന്നും യുഡിഎഫ് ആശ്വസിക്കുന്നു. ബിജെപിക്കു ജയപ്രതീക്ഷയില്ലെങ്കിലും വോട്ട് വര്‍ധിപ്പിക്കാന്‍ കിണഞ്ഞുപരിശ്രമിക്കും. ചില മണ്ഡലങ്ങളിലെങ്കിലും എസ്ഡിപിഐ നേടുന്ന വോട്ടുകളും നിര്‍ണായകമാവും. പ്രത്യേകിച്ചു കണ്ണൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മല്‍സരിച്ച് 20,000ത്തോളം വോട്ടുകള്‍ നേടിയ പശ്ചാത്തലത്തില്‍. അന്തിമ വോട്ടര്‍പട്ടിക പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെ 19,17,290 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ തവണത്തെക്കാള്‍ 79,431 പേരുടെ വര്‍ധനവ്.
Next Story

RELATED STORIES

Share it