കണ്ണൂര്‍ അക്രമം: ചര്‍ച്ചയ്ക്ക് സിപിഎം തടസ്സമല്ലെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയാതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയാവാമെന്ന ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആത്മാര്‍ഥതയോടെയാണെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.
രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുമായും സഹകരിക്കാന്‍ തയ്യാറാണ്. ഈയൊരു കാര്യത്തില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നു തടസ്സങ്ങളുണ്ടാവില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, ആര്‍എസ്എസ് ഇപ്പോള്‍ ഇത്തരം ആവശ്യവുമായി എത്തിയത് അവരുടെ തനിനിറം നിഷ്പക്ഷമതികള്‍ മനസ്സിലാക്കിയതുകൊണ്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച കേരളത്തില്‍ എത്തിയപ്പോഴാണ് മോഹന്‍ ഭാഗവത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പ്രസ്താവിച്ചത്.
എന്നാല്‍, കണ്ണൂരിലെ അക്രമങ്ങള്‍ക്ക് ആര്‍എസ്എസ് ദേശീയ നേതൃത്വം സാമ്പത്തിക സഹായം നല്‍കുന്നതു നിര്‍ത്തിയാല്‍ തന്നെ അക്രമം അവസാനിക്കുമെന്നായിരുന്നു ഇതേക്കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രതികരണം. കണ്ണൂരിലെ ആര്‍എസ്എസ് അക്രമങ്ങള്‍ അഖിലേന്ത്യാ നേതൃത്വം ആസൂത്രണം ചെയ്യുന്നതാണ്. ഈ സമീപനത്തിനു നേതൃത്വം മാറ്റം വരുത്തിയാല്‍ തന്നെ സംഘര്‍ഷങ്ങള്‍ അവസാനിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പി ജയരാജന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
ഇതിനിടെയാണ് ചര്‍ച്ചയ്ക്ക് സിപിഎം തടസ്സമാവില്ലെന്ന ശ്രദ്ധേയമായ പ്രസ്താവനയുമായി പിണറായി വിജയന്‍ രംഗത്തെത്തുന്നത്.
Next Story

RELATED STORIES

Share it