kannur local

കണ്ണൂരില്‍ ഡെങ്കിപ്പനി മരണം ആറായി; പനിച്ചുവിറച്ച് ജില്ല



കണ്ണൂര്‍: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ജില്ലയില്‍ ദിവസവും പനിബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടിവരുന്നു. ഇന്നലെ മട്ടന്നൂര്‍ പാലോട്ട്പള്ളിയിലെ ജുനാസ് കണ്ണൂര്‍ സ്വകാര്യആശുപത്രിയില്‍ വച്ച്് മരിച്ചതോടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ചികില്‍സയ്‌ക്കെത്തുന്നവരെ ഉള്‍ക്കൊള്ളാനാവാതെ ബുദ്ധിമുട്ടുന്നുണ്ട്്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവു കാരണം രോഗികള്‍ ഏറെനേരം കാത്തിരിക്കേണ്ടിവരുന്നു. ദിവസവും ശരാശരി എണ്ണൂറോളം പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തുമ്പോള്‍ അത്രതന്നെ ആളുകള്‍ സ്വകാര്യ ആശുപത്രികളിലും എത്തുന്നുണ്ടെന്നാണ് കണക്ക്. മട്ടന്നൂര്‍, പയ്യന്നൂര്‍, ധര്‍മടം ഭാഗങ്ങളിലാണ് ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേര്‍ ഇതിനകം മരിച്ചത്. ഡെങ്കി ബാധിതരുടെ എണ്ണവും കഴിഞ്ഞ കാലങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായി വളരെ കൂടുതലാണ്്. ഡെങ്കിപ്പനി ലക്ഷണം കണ്ടെത്തിയ ആയിരത്തിലധികം പേരില്‍ 250ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 42പേര്‍ക്ക് മലേരിയയും ബാധിച്ചിട്ടുന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്്. എച്ച്‌വണ്‍, എന്‍വണ്‍ ബാധിതരുടെ എണ്ണവും കഴിഞ്ഞകാലങ്ങളേക്കാള്‍ കൂടിയിട്ടുണ്ട്. മൂന്നുപേര്‍ എച്ച്‌വണ്‍ എന്‍വണും രണ്ടു പേര്‍ മലേരിയ ബാധിച്ചും മരിച്ചെന്നാണ് കണക്ക്. മലയോര മേഖലകളിലാണ് പനി കൂടുതലായി കണ്ടുവരുന്നത്. ഇടവിട്ടുള്ള വെയിലും മഴയും കൊതുക് പെരുകുന്നതിന് ഇടയാക്കുന്നു. ഇത്തരം കാലാവസ്ഥ രോഗം വ്യാപകമാവുന്നതിന്് ഒരു പ്രധാന കാരണമാവുന്നതായി ജില്ലാ അസിസ്റ്റന്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സാജന്‍ പറഞ്ഞു. കൂടാതെ മാലിന്യ പ്രശ്‌നവും ശൂചീകരണവും പ്രധാന ഘടകമാണ്. രോഗപ്രതിരോധവും മുന്‍കരുതലും കൂടിയേ മതിയാവൂ. പനി പിടിപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികില്‍സ തേടണം. ഇതൊന്നും ചെയ്യാത്തവരാണ് പലപ്പോഴും രോഗം മൂര്‍ഛിച്ച് മരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. പയ്യന്നൂര്‍, മട്ടന്നൂര്‍, ഇരിട്ടി, കീഴ്പള്ളി, ആലക്കോട്, അഞ്ചരക്കണ്ടി, പിണറായി ഭാഗങ്ങളിലാണ് പനി കൂടുതല്‍. ജില്ലയില്‍ ആദ്യം ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്യപ്പെട്ട മട്ടന്നൂരില്‍ പിന്നീട് കുറഞ്ഞു വന്നെങ്കിലും ഇപ്പോള്‍ വീണ്ടും കൂടിവരുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ രോഗം നിയന്ത്രണവിധേയമാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലും ഡെങ്കിപ്പനി അടക്കമുള്ള പനി കൂടുതലായി കണ്ടുവരുന്നു. ടൈഫോയിഡ്, ഡിഫ്തീരിയ രോഗം പിടിപ്പെട്ടവരെയും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്ന്് ആരോഗ്യവകുപ്പ് അറിയിച്ചു. പയ്യന്നൂര്‍ മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ ഒരു യോഗം ജൂലൈ ഒന്നിന് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേരും.
Next Story

RELATED STORIES

Share it