കണ്ണൂരിലും മാഹിയിലും സമാധാനം പുനസ്ഥാപിക്കാന്‍ ഉഭയകക്ഷി ധാരണ

കണ്ണൂര്‍: ഇരട്ടക്കൊലപാതകം അരങ്ങേറിയ മാഹിയിലും സംഘര്‍ഷമുണ്ടായ കണ്ണൂര്‍ ജില്ലയിലും സമാധാനം പുനസ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി വിളിച്ചുചേര്‍ത്ത സിപിഎം-ബിജെപി ഉഭയകക്ഷി യോഗത്തില്‍ ധാരണ.
സമാധാന ശ്രമങ്ങള്‍ക്കായി വേണ്ടതെല്ലാം ചെയ്യുമെന്നും ഇക്കാര്യത്തില്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി. സംഘര്‍ഷം പടരാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ജില്ലാ കലക്ടര്‍ ഇരുകക്ഷി നേതാക്കളെയും ഉള്‍പ്പെടുത്തി തന്റെ ക്യാംപ് ഓഫിസില്‍ ഇന്നലെ വൈകീട്ട് സമാധാന യോഗം വിളിച്ചത്. ജില്ലാ പോലിസ് മേധാവി ജി ശിവവിക്രമും പങ്കെടുത്തു.
രണ്ട് കൊലപാതകങ്ങളെയും പ്രദേശത്ത് നടന്ന അക്രമസംഭവങ്ങളെയും ഇരുവിഭാഗം നേതാക്കളും അപലപിച്ചു. ദുഃഖകരവും നിര്‍ഭാഗ്യകരവുമായ സംഭവമാണ് മാഹിയിലുണ്ടായതെന്ന് കലക്ടറും നേതാക്കളും അഭിപ്രായപ്പെട്ടു. സംഭവിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് നേതാക്കള്‍ ഏറ്റുപറഞ്ഞു.
അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അണികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. വീഴ്ചകള്‍ പരിശോധിക്കമെന്നും നേതാക്കള്‍ സമ്മതിച്ചു. സിപിഎം നേതാക്കളായ കെ പി സഹദേവന്‍, എം സുരേന്ദ്രന്‍, എ എന്‍ ഷംസീര്‍ എംഎല്‍എ, എം സി പവിത്രന്‍ എന്നിവരും ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് കെ വി ജയരാജന്‍ മാസ്റ്റര്‍, ജില്ലാ കാര്യവാഹ് കെ പ്രമോദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകരെ ചര്‍ച്ച നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല.
അതേസമയം, സമാധാന യോഗങ്ങള്‍ പ്രഹസനമാണെന്നാരോപിച്ച് പരിസ്ഥിതി-പൗരാവകാശ  പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it