Editorial

കണ്ണീരണിഞ്ഞ് ഈ പെരുന്നാള്‍

ഒരു മാസക്കാലത്തെ വ്രതശുദ്ധിയുടെ ആഘോഷത്തിലേക്ക് ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ക്കൊപ്പം കണ്ണിചേരാന്‍ കാത്തുനിന്ന ഇന്ത്യയിലെ 20 കോടിയോളം വരുന്ന മുസ്‌ലിം സമൂഹത്തിന് ഈ പെരുന്നാള്‍ കണ്ണീരിന്റെ ഉപ്പു കലര്‍ന്നതാണ്. ഹിന്ദുത്വ കൊലയാളികളുടെ കൊലക്കത്തിക്കിരയായി അകാലത്ത് ജീവന്‍ വെടിയേണ്ടിവന്ന ജുനൈദ് എന്ന 16കാരന്റെ രക്തംപുരണ്ട മുഖം എല്ലാ ആഘോഷചിന്തകള്‍ക്കും മേല്‍ വേദനയുടെയും ദുഃഖത്തിന്റെയും കറുത്ത മേലാപ്പായി പടര്‍ന്നുനില്‍ക്കുന്നു. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് പെരുന്നാള്‍ ആഘോഷിക്കാനുള്ള ആവേശത്തില്‍ ഒരു 16കാരന്റെ സ്വാഭാവികമായ ഉല്‍സാഹത്തിമിര്‍പ്പോടെ തന്റെ സഹോദരങ്ങള്‍ക്കൊപ്പം ഷോപ്പിങ് കഴിഞ്ഞ് വണ്ടികയറിയതാണ് ജുനൈദ്. വഴിയില്‍ വണ്ടിയില്‍ കയറിയ കൊലയാളിസംഘം അവര്‍ക്കായി സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹിന്ദുക്കള്‍ക്ക് മുസ്‌ലിംകള്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കണം എന്നായിരുന്നുവത്രേ അവര്‍ ആക്രോശിച്ചുകൊണ്ടിരുന്നത്. അതിനു വിസമ്മതിച്ചതിനാണ് ആ ബാലനെയും സഹോദരങ്ങളെയും ഹിന്ദുത്വഗുണ്ടകള്‍ കുത്തിവീഴ്ത്തിയത്.അതിനിടയിലാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത. ഒരു വീട്ടില്‍ നിന്ന് 19കാരനായ മുസ്‌ലിം യുവാവിനെ വിളിച്ചിറക്കി കൊണ്ടുപോയ പോലിസ് സംഘം വീടിന് വെളിയില്‍ അവനെ വെടിവച്ചുകൊന്നു. ഈ അരുംകൊലയുടെ കാരണം എന്തെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. തൊട്ടുടനെ ബംഗാളില്‍ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചു മൂന്നു മുസ്‌ലിംകളെ കൊലപ്പെടുത്തിയ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. വിദേശങ്ങളില്‍ വണ്ടിക്കടിയില്‍പെട്ടു ചാവുന്ന പട്ടികള്‍ക്കു വേണ്ടിപോലും ട്വിറ്ററിലൂടെ അനുശോചിക്കുന്ന പ്രധാനമന്ത്രിയോ മറ്റു നേതാക്കളോ ഈ കൊടിയ അക്രമങ്ങള്‍ കണ്ടതായി ഭാവിക്കുന്നില്ല. ഇതിന്റെയെല്ലാം അര്‍ഥമെന്താണ്? ഈ രാജ്യത്തിപ്പോള്‍ നിയമവ്യവസ്ഥ എന്നൊന്ന് നിലനില്‍ക്കുന്നുണ്ടോ? മനുഷ്യസംസ്‌കാരത്തിന്റെ ഗന്ധമേശാത്ത ഏതോ കുറ്റവാളിസംഘത്തിന്റെ കൈയില്‍ രാജ്യം അകപ്പെട്ടുപോയ പ്രതീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.പശുവിന്റെയും മാട്ടിറച്ചിയുടെയും പേരിലുള്ള വംശീയാക്രമണങ്ങളും കൊലപാതകങ്ങളും ഒരു ദിനചര്യപോലെ രാജ്യത്ത് അരങ്ങേറുമ്പോഴും പൊതുസമൂഹത്തില്‍നിന്നും മതേതരവൃത്തങ്ങളില്‍നിന്നും വളരെ ദുര്‍ബലവും ഒറ്റപ്പെട്ടതുമായ പ്രതികരണങ്ങളേ ഉണ്ടായിക്കാണുന്നുള്ളൂവെന്നത് ഗൗരവതരമാണ്. ഈ നിഷ്‌ക്രിയത്വത്തിന്റെ ന്യായമെന്തെന്ന് അവരും വിശദീകരിക്കേണ്ടതുണ്ട്. രാജ്യം കൊടിയ അരാജകത്വത്തിലേക്കു നീങ്ങുമ്പോഴും രാജ്യത്തെ നീതിപീഠങ്ങള്‍ മൗനംവെടിയാത്തത് എന്തെന്ന ചോദ്യവും പ്രസക്തമാണ്.
Next Story

RELATED STORIES

Share it