kannur local

കണ്ണവത്ത് വീണ്ടും ആര്‍എസ്എസ് അക്രമം

കൂത്തുപറമ്പ്: കണ്ണവത്ത് വീണ്ടും ആര്‍എസ്എസ് അക്രമം. കണ്ണവം ലത്തീഫിയ്യ എജ്യുക്കേഷനല്‍ ട്രസ്റ്റിനു കീഴില്‍ നിര്‍മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ തറ തകര്‍ത്തു. ജോലിക്കെത്തിയ നിര്‍മാണത്തൊഴിലാളികളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി നിര്‍മാണം നടക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ തറ തകര്‍ത്തത്. സിമന്റ് ഉപയോഗിച്ച് കെട്ടിയുയര്‍ത്തിയ കല്ലുകള്‍ കുത്തിയിളക്കുകയും കല്ലുകള്‍ തകര്‍ക്കുകയും ചെയ്തു.
ഇതിനു മുമ്പും ലത്തീഫിയ്യ സ്ഥാപനങ്ങള്‍ക്കു നേരെ ആര്‍എസ്എസിന്റെ ആക്രമണമുണ്ടായിരുന്നു. കണ്ണവം ലത്തീഫിയ്യ എജ്യുക്കേഷന്‍ ട്രസ്റ്റിനു കീഴില്‍ എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ നടന്നുവരുന്നുണ്ട്. നിരവധി വിദ്യാര്‍ഥികളാണ് ഇവിടെ പഠനം നടത്തുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരത്തെയും സ്ഥാപനത്തിനു നേരെ അക്രമവും കൈയേറ്റശ്രമവും നടത്തിയിരുന്നു. മാസങ്ങള്‍ക്കു മുമ്പ് കണ്ണവം ലത്തീഫിയ്യ സ്‌കൂള്‍ വാന്‍ ഡ്രൈവറും എസ്ഡിപിഐ പ്രവര്‍ത്തകനുമായ അയ്യൂബ്ബിനെ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് മുളകുപൊടി വിതറിയ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അയ്യൂബിനു നേരെ മുമ്പും ആക്രമണം നടന്നിരുന്നു. നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുമ്പോഴും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ കാര്യക്ഷമമായ നടപടിയെടുക്കുന്നതില്‍ പോലിസ് നിസ്സംഗത കാട്ടുന്നത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.
സ്‌കൂള്‍ കെട്ടിടത്തിന്റെ തറ തകര്‍ക്കുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണവത്ത് പ്രകടനം നടത്തി.
മണ്ഡലം സെക്രട്ടറി ഷഫീഖ്, ജോയിന്റ് സെക്രട്ടറി എ വി മുനീര്‍ ശിവപുരം, വൈസ് പ്രസിഡന്റ് ഷമീര്‍ മട്ടന്നൂര്‍ നേതൃത്വം നല്‍കി. അക്രമികളെ പോലിസ് നിലയ്ക്കു നിര്‍ത്തണമെന്നും മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര ശ്രമത്തെ ജനങ്ങള്‍ ജാഗ്രതയോടെ കാണണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it