ernakulam local

കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി



പള്ളുരുത്തി: ഇടക്കൊച്ചിയില്‍ ഒരേക്കറോളം വരുന്ന കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചവര്‍ ക്കെതിരേ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് പരാതി നല്‍കി. കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി വി ഡി മജീന്ദ്രനാണ് റവന്യുമന്ത്രി, കൃഷിമന്ത്രി, തീരദേശ വികസന അതോറിറ്റി, സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.കണ്ണങ്ങാട്ടു ടെമ്പിള്‍റോഡില്‍ കൃഷ്ണപിള്ള വായനശാലക്കു സമീപത്തെ ഒരേക്കര്‍ വരുന്ന സ്ഥലത്ത് വളര്‍ന്നു നിന്ന കണ്ടലുകളാണ് സ്ഥലമുടമയുടെ നേതൃത്വത്തില്‍ വെട്ടിനശിപ്പിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് കണ്ടലുകള്‍ നശിപ്പിക്കപ്പെട്ടത്.പരിസ്ഥിതി നിയമങ്ങളെയും തീരദേശ പരിപാലന നിയമത്തെയും നോക്കുകുത്തിയാക്കിയാണ് കണ്ടല്‍ നശീകരണം. വെട്ടിമാറ്റിയ കണ്ടല്‍ചെടികള്‍ വര്‍ഷങ്ങളോളം പഴക്കമുള്ളവയാണ്. ഉപ്പത്തയും കരക്കണ്ടലും ഉള്‍പ്പെടെ നിരവധിയിനം കണ്ടലുകള്‍  വെട്ടി നശിപ്പിച്ചയില്‍ പെടും. അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന പ്രദേശമായ ഇവിടം പരിസ്ഥിതി ലോല പ്രദേശമാണ്. അപൂര്‍വയിനം കണ്ടലുകള്‍ നിറഞ്ഞ തണ്ണീര്‍ത്തടമായതിനാല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കുന്നതിനെ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. നിരവധിയിനം കണ്ടലുകളും തണ്ണീര്‍ത്തടങ്ങളും ഇടക്കൊച്ചിയിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌റ്റേഡിയം നിര്‍മാണം തടസ്സപ്പെട്ടത്. കണ്ടലുകളും ജൈവ വൈവിധ്യങ്ങളും നശിപ്പിക്കപ്പെടുമ്പോള്‍ നടപടി എടുക്കുന്നതിനു തീരദേശ മേഖളകളില്‍ വനംവകുപ്പ് അധികൃതരുടെ സാന്നിധ്യം അത്യാവശ്യമാണെന്നും കണ്ടല്‍ നശീകരണം ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ കണ്ടല്‍ വനം നശിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്ന് കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ ജില്ലാ കണ്‍വീനര്‍ അഭിലാഷ് തോപ്പില്‍, താലൂക്ക് കണ്‍വീനര്‍ വി കെ അരുണ്‍കുമാര്‍  ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it