കണിശമായ നടപടിയുണ്ടാവും: വിഎസ്, പക്ഷംപിടിക്കാനില്ല; കെ കെ ശൈലജ

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ നടപടിക്കായി പാര്‍ട്ടിയില്‍ സമ്മര്‍ദമേറുന്നു. സംഭവത്തില്‍ പാര്‍ട്ടിയുടെ മൗനത്തെക്കുറിച്ചും നിലപാടില്ലായ്മയെക്കുറിച്ചും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദേശീയ വനിതാ കമ്മീഷനും ഇടപെട്ടതോടെ വിഷയത്തില്‍ രാഷ്ട്രീയമാനവും കൈവന്നിട്ടുണ്ട്. പരാതിക്കാരി പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ പി കെ ശശിയെ രക്ഷിച്ചെടുക്കല്‍ നേതൃത്വത്തിന് ബുദ്ധിമുട്ടാവും. പീഡന പരാതിയില്‍ മെല്ലെപ്പോക്ക് സമീപനം തുടരുന്നതിനിടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ പി കെ ശശിക്കെതിരേ നടപടിയുണ്ടാവുമെന്ന്് വ്യക്തമാക്കി. സ്ത്രീ വിഷയം ആയതിനാല്‍ കണിശമായും നടപടിയുണ്ടാവും. പഠിച്ചിട്ടു വേണം നടപടി സ്വീകരിക്കാനെന്നും വിഎസ് പറഞ്ഞു. പീഡന പരാതി വരുന്നതിന് മുമ്പുതന്നെ പാലക്കാട്ടെ സിപിഎമ്മില്‍ പി കെ ശശി എംഎല്‍എക്കെതിരേ നീങ്ങുന്ന ശക്തമായ ഒരു വിഭാഗമുണ്ട്. നിരവധി പരാതികള്‍ പി കെ ശശിക്കെതിരേ ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ഒമ്പതംഗ ജില്ലാ സെക്രട്ടേറിയറ്റില്‍ പികെ ശശിയെ പിന്തുണയ്ക്കുന്നവരാണ് കൂടുതലെങ്കിലും നടപടി വേണമെന്ന ആവശ്യത്തിന് ആരും എതിരല്ല. നേതാക്കള്‍ വ്യക്തിതാല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും തിരുത്തേണ്ടതിനു പകരം പലരും ഗ്യാങ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും മണ്ണാര്‍ക്കാട് നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞിരുന്നു. മന്ത്രി എ കെ ബാലന്റേതടക്കം പിന്തുണയോടെ പി കെ ശശിക്ക് സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞെങ്കിലും പീഡന ആരോപണം വന്നപ്പോള്‍ ശക്തമായാണ് എതിര്‍പക്ഷം നിലയുറപ്പിക്കുന്നത്. പീഡന പരാതിയില്‍ ജില്ലാ നേതൃത്വം ആടിയുലഞ്ഞുനില്‍ക്കെ മന്ത്രിസഭാ അംഗങ്ങളുടെ നിലപാടും ചര്‍ച്ചയാവുന്നുണ്ട്. ശശിക്കെതിരായ പീഡനപരാതി അറിയില്ലെന്നു മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. എന്തു പറഞ്ഞാലും വിവാദമാവും. പക്ഷംപിടിക്കാനില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം അടുത്തു ചേരുന്ന സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് ശശി വിഷയത്തില്‍ തീരുമാനം കൈക്കൊള്ളും. നിലവില്‍ സംഭവം അന്വേഷിക്കുന്നതിനായി പി കെ ശ്രീമതി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it