Flash News

കഠ്‌വ സംഭവം: എസ്ഡിപിഐ റാലിക്കും മഹാസമ്മേളനത്തിനും വീണ്ടും വിലക്ക്‌

കോഴിക്കോട്: പോലിസ് നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റിവച്ച എസ്ഡിപിഐ നേതൃത്വത്തിലുള്ള ബഹുജന റാലിക്കും മഹാസമ്മേളനത്തിനും വീണ്ടും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പോലിസിന്റെ തന്നെ നിര്‍ദേശത്തെ തുടര്‍ന്ന് 30 ലേക്കു മാറ്റിയ പരിപാടിക്കാണ് അനുമതി നിഷേധിച്ചത്.
കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് ഈ മാസം 19ന് കോഴിക്കോട്ട് നടത്താനിരുന്ന പരിപാടി നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 30 ലേക്ക് മാറ്റിയിരുന്നു. പോലിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നീട്ടിവച്ച പരിപാടിക്ക് അനുമതി നിഷേധിച്ചതായി ഇന്നലെയാണ് അധികൃതര്‍ എസ്ഡിപിഐ നേതൃത്വത്തെ അറിയിച്ചത്. ഒരുകാരണവും അറിയിക്കാതെയാണ് പോലിസ് അനുമതി നിഷേധിച്ചിട്ടുള്ളത്. റാലിയും സമ്മേളനവും 19ന് നടത്തുന്നതിനുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടത്തില്‍ 18നാണ് പരിപാടി മാറ്റിവയ്ക്കണമെന്ന് അസി. കമ്മീഷണര്‍ നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയാണ് 30 എന്ന തിയ്യതി നിശ്ചയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ റാലിക്ക് പോലിസ് അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സമ്മേളനത്തിനുള്ള അനുമതിക്കായി ഇന്നലെ എത്തിയപ്പോള്‍ പോലിസ് വിചിത്രമായ നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. സമ്മേളനത്തില്‍ സംസാരിക്കുന്ന ഓരോരുത്തരും എന്താണു സംസാരിക്കുക എന്ന കാര്യം മുന്‍കൂട്ടി രേഖാമൂലം നല്‍കാന്‍ പോലിസ് ആവശ്യപ്പെട്ടു. പ്രസംഗകര്‍ എന്തു സംസാരിക്കുമെന്ന് മുന്‍കൂട്ടി എഴുതിനല്‍കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അറിയിച്ചെങ്കിലും പോലിസ് വഴങ്ങിയില്ല. തുടര്‍ന്ന് റാലിക്ക് നേരത്തേ നല്‍കിയ അനുമതിയും റദ്ദുചെയ്തതായി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it