Idukki local

കട്ടപ്പന ബസ്സ്റ്റാന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ ഗതാഗതക്കുരുക്ക്



കട്ടപ്പന: കുന്തളംപാറ പുതിയ ബസ് സ്റ്റാന്റിലേക്കുള്ള പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്ക് പരിഹാരമില്ലാതെ നീളുകയാണ്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍നിന്ന് ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന കവാടത്തിലാണ് നാളുകളായി ഗതാഗതക്കുരുക്ക് തുടരുന്നത്. തിരക്കേറിയ നാലു റോഡുകളുടെ സംഗമ സ്ഥാനമാണിത്. 12 റൂട്ടുകളിലുള്ള വാഹനങ്ങളുടെ ഗതാഗതം ഇവിടെ നിയന്ത്രിക്കാന്‍ മിക്കപ്പോഴും ഒരു ട്രാഫിക് പോലിസുകാരനോ ഹോം ഗാര്‍ഡോ കണ്ടെങ്കിലായി. ഇവിടെ റോഡില്‍ ഒരു സീബ്രാ ലൈന്‍ വരച്ചിരുന്നത് മാഞ്ഞിട്ട് മാസങ്ങളായി. സീബ്രാ ലൈന്‍ ഇല്ലാത്തതുമൂലം സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ള വഴിയാത്രക്കാര്‍ തോന്നിയതുപോലെയാണ് ഇപ്പോള്‍ റോഡിലൂടെ കുറുകെ കടക്കുന്നത്. ഇത് വലിയ അപകട സാധ്യതയാണ്. കട്ടപ്പന ടൗണിലെ മറ്റ് ഭാഗങ്ങളില്‍ ബൈപ്പാസ് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും തൊടുപുഴ- പുളിയന്മല റോഡിന്റെ ഇവിടംമുതലുള്ള അര കിലോമീറ്ററിന് ബൈപ്പാസ് ഇല്ല. ഇതുമൂലം മുഴുവന്‍ വാഹനങ്ങളും ഇതുവഴി തന്നെ കടന്നുപോവണം. ശനി, തിങ്കള്‍ ദിവസങ്ങളിലും വിശേഷാവസരങ്ങളിലും ഇവിടെ വലിയ തിരക്കായിരിക്കും.   പുളിയന്മലയില്‍നിന്ന് കട്ടപ്പനയിലേക്ക് വരുന്ന വഴി കുത്തനെയുള്ള ഇറക്കമാണ്. റോഡില്‍ അത്ര തിരക്കില്ലെന്നു കണ്ടാല്‍ ഫ്രീക്കന്മാരും ഇതര സംസ്ഥാന വണ്ടികളും അമിത വേഗത്തില്‍ വാഹനം ഓടിച്ചുവരുന്നത് ഇവിടെ പതിവാണ്. വാഹനങ്ങളുടെ അമിത വേഗം നിയന്ത്രക്കാന്‍ ഇവിടെ ഹംപ് സ്ഥാപിക്കണമെന്ന ആവശ്യവും അനന്തമായി നീളുകയാണ്. പുളിയന്മല, കൊച്ചുതോവാള വഴി വരുന്ന വാഹനങ്ങള്‍ ടൗണിലൂടെ വണ്‍വേ ചുറ്റാനുള്ള മടിമൂലം നേരെ ബസ് സ്റ്റാന്ററിലേക്ക് കയറുന്നതും ഇവിടെ പതിവാണ്. ഗതാഗതം നിയന്ത്രിക്കാന്‍ നില്‍ക്കുന്ന പോലിസുകാര്‍ക്ക് മഴയോ വെയിലോ വന്നാല്‍ കയറി നില്‍ക്കാന്‍കൂടി ഒരു തണലുപോലും ഇവിടെ ഇല്ലെന്നതാണ് വാസ്തവം.
Next Story

RELATED STORIES

Share it