Cricket

സ്പിന്‍ കെണിയില്‍ സിംഹളപ്പട വീണു; കട്ടക്കില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സ്പിന്‍ കെണിയില്‍ സിംഹളപ്പട വീണു; കട്ടക്കില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
X

കട്ടക്ക്: ഇന്ത്യയുടെ സപിന്‍കെണിയില്‍ ലങ്കന്‍ പടയാളികള്‍ മൂക്കുംകുത്തി വീണപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റിയില്‍ ഇന്ത്യക്ക് 93 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലങ്കയുടെ പോരാട്ടം 16 ഓവറില്‍ 87 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ യുസ്്‌വേന്ദ്ര ചാഹലിന്റെ ബൗളിങാണ് ലങ്കയുടെ മുന്നേറ്റ നിരയെ തകര്‍ത്തത്. ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും സ്വന്തമാക്കി. നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിന്റെ (61) ബാറ്റിങാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപണര്‍മാരായ രോഹിത് ശര്‍മയും (17) കെ എല്‍ രാഹുലും (61) ചേര്‍ന്ന് സമ്മാനിച്ചത്. മോശം പന്തുകളെ കടന്നാക്രമിച്ച് ഇരുവരും മുന്നേറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം കുതിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 38 റണ്‍സ് നില്‍ക്കവെ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി.  എയ്ഞ്ചലോ മാത്യൂസിന്റെ പന്തിനെ അതിര്‍ത്തി കിടത്താന്‍ ശ്രമിച്ച രോഹിതിന് പിഴച്ചപ്പോള്‍ ചമീരയുടെ കൈകളില്‍ ഭദ്രം.  ഏകദിനത്തിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്ക് (24) മികവ് ആവര്‍ത്തിക്കാനായില്ല. ലങ്കന്‍ ബൗളര്‍മാരുടെ തീപാറും പന്തുകളില്‍ റണ്‍സ് കണ്ടെത്താനാവാതെ ശ്രേയസ് കിതച്ചു. ഒരറ്റത്ത് രാഹുല്‍ മികച്ച ഷോട്ടുകളുമായി മുന്നേറിയങ്കെിലും ശ്രേയസ് അയ്യര്‍ക്ക് മികച്ച പിന്തുണ നല്‍കാനായില്ല. ഒടുവില്‍ 20 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറുകള്‍ സഹിതം 24 റണ്‍സ് നേടിയ അയ്യരെ നുവാന്‍ പ്രതീപ് മടക്കി. വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ലയ്ക്ക് ക്യാച്ച് സമ്മാനിച്ചായിരുന്നു ശ്രേയസിന്റെ മടക്കം. ശ്രേയസ് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 12.4 ഓവറില്‍ രണ്ട് വിക്കറ്റിന് 101 റണ്‍സെന്ന നിലയിലായിരുന്നു. രണ്ടാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ശേഷമായിരുന്നു ശ്രേയസിന്റെ മടക്കം.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ എംഎസ് ധോണി ( 39*) മികച്ച ഷോട്ടുകളുമായി രാഹുലിന് പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് കുതിച്ചു. ലങ്കന്‍ ബൗളര്‍മാരെ തല്ലിത്തകര്‍ത്ത് മുന്നേറിയ രാഹുലിനെ തിസാര പെരേര മടക്കി. 48 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും പറത്തിയ രാഹുലിനെ പെരേര ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ധോണിയും മനീഷ് പാണ്ഡെയും (32*) ചേര്‍ന്ന് നടത്തിയ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 180 റണ്‍സിലേക്കെത്തിച്ചത്. ധോണി 22 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും പറത്തിയപ്പോള്‍ മനീഷ് പാണ്ഡെ 18 പന്തില്‍ രണ്ട് വീതം സിക്‌സറും ഫോറും അക്കൗണ്ടിലാക്കി.
ശ്രീലങ്കയ്ക്ക് വേണ്ടി തിസാര പെരേര, നുവാന്‍ പ്രതീപ്, എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
181 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ശ്രീലങ്ക ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ വീഴുകയായിരുന്നു. ഓപണര്‍ നിരോഷന്‍ ഡിക്‌വെല്ലയെ (13) മടക്കി ജയദേവ് ഉനദ്ഗട്ടാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മികച്ച ഷോട്ടുകളുമായി തുടങ്ങിയ ഉപുല്‍ തരംഗയെ (23) യുസ്‌വേന്ദ്ര ചാഹല്‍ ധോണിയുടെ കൈകളിലെത്തിച്ചു. മാത്യൂസിനെ (1) റിട്ടേണ്‍ ക്യാച്ചിലൂടെ ചാഹല്‍ മടക്കി. അധികം വൈകാതെ ഗുണതിലകയെ (4) ചാലഹിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. കുല്‍ദീപിനെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച ഷണക (1) ഹര്ഡദിക് പാണ്ഡ്യയുടെ കൈകളില്‍ അവസാനിച്ചു. ചാഹലിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ച തിസാര പെരേരയെ ധോണി സ്റ്റംപ് ചെയ്ത് മടക്കിയപ്പോള്‍ ലങ്കന്‍ സ്‌കോര്‍ബോര്‍ഡ് 11.1 ഓവറില്‍ ആറ് വിക്കറ്റിന് 62 എന്ന നിലയിലായിരുന്നു. കുല്‍ദീപിനെ ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ച കുശാല്‍ പെരേരയും (19) ധോണിയുടെ കൈകളില്‍ അവസാനിച്ചതോടെ ലങ്കയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. വാലറ്റത്ത് ചമീര (12), പ്രതീപ് (2) എന്നിവരെ ഹര്‍ദികും കൂടാരം കയറ്റിയതോടെ ആവേശ ജയം ഇന്ത്യക്കൊപ്പം നില്‍ക്കുകയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് മൂന്നും കുല്‍ദീപ് രണ്ടും ഉനദ്ഗട്ട് ഒരു വിക്കറ്റും നേടി കൈയടി നേടി. നാല് വിക്കറ്റ് പ്രകടനത്തോടെ ഈ വര്‍ഷം ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറായി ചാഹല്‍ മാറി. ജയത്തോടെ മൂന്ന് മല്‍സര പരമ്പയില്‍ 1-0ന്  ഇന്ത്യ മുന്നിലെത്തി.
Next Story

RELATED STORIES

Share it