കടല്‍ സംരക്ഷണം: നവീന പദ്ധതിയുമായി വടകര നഗരസഭസമുദ്ര സാക്ഷരതയ്ക്കു തുടക്കംകുറിക്കും

വടകര: ക്ലീന്‍ സിറ്റി ഗ്രീന്‍ സിറ്റി സീറോ വേസ്റ്റ് വടകര പദ്ധതിയിലൂടെ മാലിന്യസംസ്‌കരണ രംഗത്തു സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച വടകര നഗരസഭ കടല്‍ സംരക്ഷണത്തിനു നവീന പദ്ധതി ഒരുക്കുന്നു. കടല്‍ പരിസ്ഥിതി പഠനത്തിനും തീരക്കടല്‍ ശുചീകരണത്തിനുമാണു പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി 'സമുദ്ര സാക്ഷരത' എന്ന പേരില്‍ പദ്ധതി നടപ്പാക്കാനാണു നഗരസഭാ തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരത്തില്‍ ഒരു പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. നഗരസഭയുടെ ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശത്താണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ഫ്രന്റ്‌സ് ഓഫ് മറൈന്‍ ലൈഫ് കോ-ഓഡിനേറ്റര്‍ റോബര്‍ട്ട് പനിപ്പിള്ളയും സെന്‍ട്രല്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഡോ. ജോണ്‍ കുര്യനും നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്റെ നേതൃത്വത്തില്‍ കടല്‍ത്തീരം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കരയിലെ ജൈവ വൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതു പോലെ കടലിലെയും ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. മാലിന്യങ്ങളും അഴുക്കുവെള്ളവും കടലിലേക്ക് ഒഴുക്കിവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കടല്‍ത്തീരങ്ങളില്‍ നിന്നു മണലെടുക്കുന്നതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കടലിലെ ജൈവസമ്പത്തിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബാധമുണ്ടാക്കുക എന്നതാണു പദ്ധതിയുടെ ആദ്യ ഘട്ടം. ഇതിനായി സമുദ്ര സാക്ഷരതയ്ക്ക് തുടക്കം കുറിക്കും. മല്‍സ്യസമ്പത്ത് ഇല്ലാതാക്കുന്നതോടൊപ്പം കടലിന്റെ ശുചിത്വമില്ലായ്മ തീരദേശവാസികളെയും കടല്‍ തൊഴിലാളികളെയുമാണു ബാധിക്കുന്നത്. സംസ്ഥാനത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ച ജൈവ പരിപാലന കമ്മിറ്റിക്ക് കീഴില്‍ ഉപകമ്മിറ്റിയായിട്ടാണു സമുദ്ര ജൈവപരിപാലന കമ്മിറ്റിക്ക് രൂപംകൊടുക്കുക. ഇത്തരം കമ്മിറ്റിയുടെ രൂപീകരണം ജനകീയമായിട്ടായിരിക്കും. കടലിനെ ക്കുറിച്ച് വ്യക്തമായി അറിയാവുന്ന മല്‍സ്യ ത്തൊഴിലാളികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചാണു പദ്ധതി ആരംഭിക്കുക.മല്‍സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം കടലിന്റെ പല സമയങ്ങളിലെ ഘടന മനസ്സിലാക്കി കടലിന് അടിയില്‍ പോയാണു മാലിന്യനിര്‍മാര്‍ജ്ജനത്തിനുള്ള പഠനം നടത്തുക. ഇതിനോട് അനുബന്ധിച്ചു തന്നെ മല്‍സ്യത്തൊഴിലാളില്‍ നിന്നു മറ്റു വിവരങ്ങള്‍ ശേഖരിച്ച് കടലുമായി ബന്ധപ്പെട്ട ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനത്തിലൂടെ രജിസ്റ്റര്‍ സാധ്യമാവുമെന്നാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഫ്രന്റ്‌സ് ഓഫ് മറൈന്‍ ലൈഫ് കോ-ഓഡിനേറ്റര്‍മാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it