Kollam Local

കടലില്‍ പോകാനാകാതെ മല്‍സ്യത്തൊഴിലാളികള്‍

കൊല്ലം: ഓഖിക്ക് പിന്നാലെ ന്യൂനമര്‍ദം തീരമേഖലയ്ക്ക് ദുരിതം സമ്മാനിക്കുന്നു. കന്യാകുമാരിക്കു തെക്ക് ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ മൂന്നു ദിവസമായി മല്‍സ്യത്തൊഴിലാളികളെ കരയ്ക്കിരുത്തുന്നത്.
ഓഖിക്കു ശേഷം ആഴ്ചകളോളം കടലില്‍ പോകാന്‍ കഴിയാതെ ദുരിതത്തിലായിരുന്നു മല്‍സ്യത്തൊഴിലാളികള്‍. ഇതില്‍ നിന്ന് ആശ്വാസം തേടി ജീവിതം വീണ്ടുമൊന്നു കരയ്ക്കടുപ്പിക്കുമ്പോഴാണ് തുടരെയുണ്ടാകുന്ന കടല്‍ക്ഷോഭം മല്‍സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നത്.ന്യൂനമര്‍ദ മുന്നറിയിപ്പ് ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യമേറുമ്പോള്‍ നീണ്ടകര ഉള്‍പ്പടെയുള്ള തെക്കന്‍ മല്‍സ്യത്തൊഴിലാളി മേഖലകള്‍ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഈ ദിവസങ്ങളില്‍ സൗജന്യ റേഷന്‍ വിതരണം നടപ്പാക്കണമെന്ന് ആവശ്യമുയര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രഖ്യാപിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്നു നീണ്ടകര, പോര്‍ട്ട് കൊല്ലം ഉള്‍പ്പെടുന്ന തീരദേശങ്ങളില്‍നിന്നു മല്‍സ്യത്തൊഴിലാളികള്‍ വള്ളമിറക്കുന്നില്ല.വിലക്ക് അവഗണിച്ചു കടലില്‍ പോകാന്‍ ശ്രമിച്ചവരെ ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ മടക്കി വിളിക്കുകയാണ്. കഴിഞ്ഞദിവസം വിലക്കു കര്‍ശനമായി. ഇതോടെ വള്ളങ്ങളെല്ലാം കരയിലായി. ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടലില്‍ പോയ മല്‍സ്യബന്ധന യാനങ്ങള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ തിരികെയെത്തിച്ചിരുന്നു. ജോനകപ്പുറത്ത് നിന്ന് പോയ 22 ഫൈബര്‍ വള്ളങ്ങളും നീണ്ടകര നിന്ന് പുറപ്പെട്ട അഞ്ചു ബോട്ടുകളും ഒരു വള്ളവുമാണ് തിരികെ കൊണ്ടുവന്നത്.ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിലായിരുന്നു നടപടി. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള മൂന്ന് വള്ളങ്ങള്‍ ശക്തികുളങ്ങര തുറമുഖത്ത് എത്തിയിരുന്നു.മല്‍സ്യത്തൊഴിലാളി കുടിലുകള്‍ പട്ടിണിയിലേക്കു വഴുതിവീണു. കഴിക്കാന്‍ മല്‍സ്യം കിട്ടാതായതോടെ നാട്ടുകാരും വലയുകയാണ്. ‘ഓഖി’യുടെ ആഘാതത്തില്‍നിന്നു തീരം പതിയെ മുക്തരായി വരുന്നതിനിടെയാണ് ന്യൂനമര്‍ദത്തിന്റെ പേരിലുള്ള ഭീതിയും കടല്‍യാത്രാ വിലക്കും.
പരീക്ഷക്കാലത്തിനിടെയുള്ള പ്രതിസന്ധി തീരദേശത്തെ വിദ്യാര്‍ഥികളെയും വലയ്ക്കുന്നു. പട്ടിണിയും ദാരിദ്ര്യവും മുന്‍നിര്‍ത്തി ഇക്കാലയളവില്‍ തീരദേശങ്ങളില്‍ സൗജന്യ റേഷന്‍ വിതരണത്തിന് ഉടന്‍ നടപടി വേണമെന്നാണ് മല്‍സ്യ െത്താഴിലാളികളുടെ ആവശ്യം.
Next Story

RELATED STORIES

Share it