malappuram local

കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ്‌ : നഷ്ടപരിഹാര വിതരണം ഉടന്‍ പൂര്‍ത്തിയാവും



പൂത്തനത്താണി:കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും പൊതുമരാമത്ത് റോഡ് വിഭാഗം, റവന്യൂ,വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളുടേയും സംയുക്ത യോഗം ചേര്‍ന്നു.കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ്, പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് മൂന്നാം ഘട്ടം, ഇരിമ്പിളിയം വളാഞ്ചേരി എടയൂര്‍ കുടിവെള്ള പദ്ധതി, കുറ്റിപ്പുറം പഞ്ചായത്തിലെ ജലനിധി,മാറാക്കര പഞ്ചായത്തിലെ തിരുന്നാവായ കുടിവെള്ള പദ്ധതി, ഒതുക്കുങ്ങല്‍ പൊന്മള കുടിവെള്ള പദ്ധതി, കോട്ടക്കല്‍ നഗരസഭയിലെ വിവിധ കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയുടെ പൂര്‍ത്തീകരണത്തെ സംബന്ധിച്ചും പോരായ്മകള്‍ പരിഹരിക്കുന്നതിനുമാണ്  യോഗം ചേര്‍ന്നത്. കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം  നല്‍കാനായി സര്‍ക്കാര്‍ അനുവദിച്ച പത്ത് കോടിയില്‍ അഞ്ച് കോടി രൂപയുടെ വിതരണം പൂര്‍ത്തിയായതായും ബാക്കി വരുന്ന അഞ്ച് കോടി രൂപയുടെ വിതരണം ഒരു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും തിരൂര്‍ ലാന്റ്  അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജാഫറലി പി ടി യോഗത്തില്‍ അറിയിച്ചു. ഒന്ന് എ, ഒന്ന് കാറ്റഗറികളിലെ ഭൂവുടമകള്‍ക്ക് പൂര്‍ണ്ണമായും ഇതിനകം  നഷ്ടപരിഹാര തുക നല്‍കിയിട്ടുണ്ട്. കാറ്റഗറി രണ്ടിലെ ഭൂവുടമകള്‍ക്കാണ് ഇപ്പോള്‍ അനുവദിച്ച പത്ത് കോടിയില്‍ നിന്നുള്ള പണം നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ഇനിയുള്ള അഞ്ച് കോടിയുടെ വിതരണം പൂര്‍ത്തിയാകുന്നതോടെ ഈ കാറ്റഗറിയിലുള്ളവരുടെ നഷ്ടപരിഹാര വിതരണവും പൂര്‍ത്തിയാകും. മൂന്നാംകാറ്റഗറി യിലുള്ള ഭൂവുടമകളുടെ നഷ്ടപരിഹാരത്തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചതായും തഹസില്‍ദാര്‍ അറിയിച്ചു. വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്ന പണികള്‍ക്കുള്ള ചെറിയ സാങ്കേതിക തടസ്സങ്ങള്‍ ജനപ്രതിനിധികള്‍ ഇടപെട്ട് പരിഹരിക്കുന്നതിനും തീരുമാനിച്ചു.  ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ഇന്‍വസ്റ്റിഗേഷന്‍ സ്റ്റഡി നടത്താനുള്ള ടെണ്ടര്‍ വിളിച്ചതായും അധികൃതര്‍ അറിയിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ 75 കോടി രൂപ അനുവദിച്ച  ഇരിമ്പിളിയം വളാഞ്ചേരി എടയൂര്‍ കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രക്രിയ നടന്ന് കൊണ്ടിരിക്കുകയാണെന്നും ജൂലൈ ആദ്യവാരത്തില്‍ ഇത് സര്‍ക്കാറിന് സമര്‍പ്പിക്കാനാകുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വാട്ടര്‍ അതോറ്റി പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ലഭിക്കേണ്ട അനുമതികള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it