malappuram local

കഞ്ചാവു വില്‍പനയ്്ക്കിടെ രണ്ടുപേര്‍ പിടിയില്‍

മഞ്ചേരി: കാറില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് കഞ്ചാവു വില്‍പന നടത്തുന്ന രണ്ടുപേര്‍ മഞ്ചേരിയില്‍ എക്‌സൈസിന്റെ പിടിയിലായി. പെരിന്തല്‍മണ്ണ പുഴക്കാട്ടിരി മൂന്നാക്കല്‍ വീട്ടില്‍ മുഹമ്മദ് ആഷിഫ് (24), നിലമ്പൂര്‍ കരുവാരകുണ്ട് പുല്‍വെട്ട കണ്ടേന്‍കളത്തില്‍ അനീഷ്(34) എന്നിവരാണ് അറസ്റ്റിലായത്.
എക്‌സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി ശ്യാം കുമാറും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ മഞ്ചേരി രാജീവ് ഗാന്ധി ബൈപാസ് റോഡ് പരിസരത്തുവച്ചാണ് ഇവര്‍ പിടിയിലായത്. രണ്ടര കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്നു പിടിച്ചെടുത്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. മൈസൂരുവില്‍ നിന്നാണ് കഞ്ചാവ് വില്‍പനയ്‌ക്കെത്തിക്കുന്നതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. വാടകയ്‌ക്കെടുക്കുന്ന കാറുകളിലാണ് കഞ്ചാവു വില്‍പന. മഞ്ചേരിയിലും പരിസരങ്ങളിലുമുള്ള യുവാക്കളും വിദ്യാര്‍ഥികളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കളെന്ന് അന്വേഷണ സംഘം കണ്ടെത്തി. വലിയ ലാഭം ലഭിക്കുന്ന കഞ്ചാവു കച്ചവടം ആഢംബര ജീവിതം ലക്ഷ്യമിട്ടായിരുന്നെന്നും പ്രതികളുടെ മൊഴിയിലുണ്ട്. വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ മുഹമ്മദ് ആഷിഫ് ജാമ്യത്തിലിറങ്ങിയതാണ്.
ജയിലില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഒരുമിച്ച് കഞ്ചാവു വില്‍പനയില്‍ സജീവമാവുകയായിരുന്നു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇ വി റാഫേലിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇരുവരേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ബഷീര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ഷിജുമോന്‍, രാമന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സഫീറലി, സാജിത്, രഞ്ജിത്ത്, പ്രശാന്ത്, ഉമ്മര്‍ കുട്ടി, പ്രദീപ്, ഉണ്ണികൃഷ്ണന്‍, ധന്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it