Alappuzha local

കഞ്ചാവും ലഹരി സ്റ്റാമ്പുകളുമായി ബിരുദധാരിയടക്കം പിടിയില്‍

ആലപ്പുഴ: കഞ്ചാവും ലഹരി സ്റ്റാമ്പുകളുമായി  രണ്ടു യുവാക്കള്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി.കൊല്ലം കരുനാഗപ്പള്ളി തിരുമുല്ലവാരം സ്വദേശി  ആകാശ് (24),വടക്കുംതല സ്വദേശി അമല്‍ ജി രവി (21) എന്നിവരാണ് ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം പിടിയിലായത്.  ഇവരില്‍ നിന്നും 112 ഗ്രാം കഞ്ചാവും  41 ലഹരി സ്റ്റാമ്പുകളും പിടിച്ചെടുത്തു.
ബസ്റ്റാന്റിനു സമീപം  സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ ചോദ്യം ചെയ്തതില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന ബാഗ്  കഞ്ചാവ് ചെടികളുടെ അസംസ്‌കൃത വസ്തുവായ ചണം കൊണ്ട്  നേപ്പാളില്‍ നിര്‍മിച്ചതാണെന്ന് മനസിലാക്കുകയും  തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവും എല്‍എസ്ഡി എന്നു സംശയിക്കുന്ന സ്റ്റാമ്പുകളും കണ്ടെത്തുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  എല്‍എസ്ഡി   സ്റ്റാമ്പ്,  ആസിഡ്, സാള്‍ട്ട് എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതുമായ  ഒരു സിന്തറ്റിക്ക് ഡ്രഗ് ആണ്.
ഒരു സ്റ്റാമ്പിനു ആയിരത്തിലധികം രൂപ വിപണി വിലയുള്ള  ഇത് ദീര്‍ഘനേരത്തെ ലഹരിക്കായി ഉപയോഗിക്കുന്ന ഒന്നാണ്. ഒരുതവണത്തെ ഉപയോഗം പോലും കടുത്ത മനസിക വിഭ്രാന്തിയിലേക്ക് എത്തിക്കുന്ന ഇത് അറിയപ്പെടുന്ന മയക്കുമരുന്നുകളില്‍ ഏറ്റവും അപകടകാരിയായിട്ടുള്ള ഒന്നാണ്.   ആലപ്പുഴയില്‍  ആദ്യമായാണ്  ഇത്തരത്തിലുള്ള ഒരു കേസ് എക്‌സൈസ് കണ്ടെത്തുന്നത്.
ബാഗ്ലൂര്‍,  ഗോവ, ഡല്‍ഹി, ഹിമാചല്‍പ്രദേശ് എന്നിവടങ്ങളില്‍ സ്ഥിരമായി യാത്രചെയ്യുന്ന എന്‍ജിനിയറിങ് ബിരുദധാരിയായ ആകാശ്   ഗോവയിലുള്ള സുഹൃത്തുക്കളില്‍ നിന്നും സ്ഥിരമായി കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കേരളത്തില്‍ എത്തിച്ച് സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്ത് വരികയാണെന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റൊബര്‍ട്ട് പറഞ്ഞു.
ഇയാളില്‍ നിന്നും പിടികൂടിയ സ്റ്റാമ്പുകള്‍ രാസപരിശോധന്ക്ക് വിധേയമാക്കിയാലെ ഇതു സംബന്ധിച്ച് കൂടുതല്‍  അറിയാന്‍ കഴിയൂവെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.   അമല്‍ ജി രവി സൗണ്ട് എന്‍ജിനിയറാണെന്നും  കൊല്ലത്തുനിന്നും അങ്കമാലിക്ക് പോകുന്നതിനായാണ് ആലപ്പുഴയില്‍ എത്തിയതെന്നും പറയുന്നു.  ഇയാളുടെ ബാഗില്‍ നിന്നും 60 ഗ്രാം കഞ്ചാവും കഞ്ചാവ് വലിയ്ക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റൊബര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസറന്മാരായ കുഞ്ഞുമോന്‍, ദിലീപ്, എം കെ സജിമോന്‍ സിവില്‍ എക്‌സൈസ് ഓഫീസറന്മാരായ ആര്‍ രവികുമാര്‍,  അനിലാല്‍, റഹിം, ഓംകാര്‍നാഥ്, അരുണ്‍,  എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്.
Next Story

RELATED STORIES

Share it