കച്ചവടക്കാരില്‍ നിന്ന് 4000 രൂപ പ്രതിമാസം ഈടാക്കണമെന്നു നിര്‍ദേശം

കൊച്ചി: പ്ലാസ്റ്റിക് കാരി ബാഗുകളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന റീട്ടെയില്‍ കച്ചവടക്കാരുടെയും തെരുവു കച്ചവടക്കാരുടെയും പക്കല്‍ നിന്ന് 4,000 രൂപ പ്രതിമാസം ഈടാക്കി രജിസ്റ്റര്‍ ചെയ്യാന്‍ തദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം ഇല്ലാതാക്കാനും അതിനു മുകളിലുള്ളവയുടെ ഉപയോഗം കുറച്ചുകൊണ്ടുവരാനുമുള്ള നടപടികളും സ്വീകരിച്ചിട്ടുള്ളതായി പരിസ്ഥിതി വകുപ്പ് അണ്ടര്‍ സെക്രട്ടറി പി എസ് ജാന്‍സി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന പരിപാടികള്‍ക്കു ഫഌക്‌സുകള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ വിലക്കിയിട്ടുണ്ട്. പഞ്ചായത്തുകളില്‍ 50 മൈക്രോണില്‍ താഴെയുള്ളവ കണ്ടെത്താന്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ നിന്ന് നിശ്ചിത അളവില്‍ താഴെയുള്ള 16,855 കിലോഗ്രാം പ്ലാസ്റ്റിക് പിടികൂടി. ഇതിലൂടെ 44.15 ലക്ഷം രൂപ പിഴയീടാക്കി. മലിനീകരണ നിയന്ത്രണ ബോ ര്‍ഡ് നിര്‍മാണ സ്ഥലത്തു പരിശോധന നടത്തി കാരിബാഗ്, പ്ലാസ്റ്റിക് നിര്‍മാതാക്കളായ 111 സ്ഥാപനങ്ങളെ ബോര്‍ഡിന്റെ നിരീക്ഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. 50 മൈക്രോണ്‍ അളവ് മാനദണ്ഡമില്ലാത്തവ കണ്ടെത്താന്‍ ലീഗല്‍ മെട്രോളജി വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അധ്യാപകര്‍ക്ക് വേണ്ടി നടത്തുന്ന അടുത്ത പരിശീലന പരിപാടിയില്‍ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യല്‍ പൗരന്‍മാരുടെ ഉത്തരവാദിത്തമാണെന്ന ഭാഗം കൂടി ഉള്‍പ്പെടുത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിയന്ത്രണത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രഫ. എസ് സീതാരാമനടക്കം നല്‍കിയ ഹരജികളിലാണ് സത്യവാങ്മൂലം.
Next Story

RELATED STORIES

Share it