Flash News

കംപ്ലെയിന്റ് അതോറിറ്റിക്ക് വിമര്‍ശനം : പോലിസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നത് പരിശോധിക്കും



കൊച്ചി: പോലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പോലിസ് കംപ്ലെയിന്റ് അതോരിറ്റിയെ വിമര്‍ശിച്ച പോലിസ് ഉദ്യോഗസ്ഥനെതിരേ രൂക്ഷ വിമര്‍ശനവുമായി അതോറിറ്റി ചെയര്‍മാന്‍ രംഗത്ത്. ഉദ്യോഗസ്ഥനെതിരേ അച്ചടക്കനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും പോലിസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് തേജസിനോട് പറഞ്ഞു. പോലിസ് കംപ്ലെയിന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചത് ആരായാലും അത് അദ്ദേഹത്തിന്റെ വിവരക്കേടാണ് വെളിവാക്കുന്നത്. കസ്റ്റഡിമരണങ്ങ ള്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലിസ് കംപ്ലയിന്റ് അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനത്തും പോലിസ് കംപ്ലെയിന്റ് അതോറിറ്റി രൂപീകരിക്കണമെന്നാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. ഇത്തരത്തില്‍  രൂപീകരിച്ച അതോറിറ്റിക്കെതിരേ പറയാന്‍ പോലിസ് ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യംവന്നുവെന്നും അദ്ദേഹം ചോദിച്ചു. അതോറിറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുണ്ടെങ്കില്‍ സര്‍ക്കാരിനു പറയാം. പക്ഷേ, ഇത്തരത്തില്‍ പോലിസ് ഉദ്യോഗസ്ഥന് അതോറിറ്റിയെ പരസ്യമായി വിമര്‍ശിക്കാന്‍ അധികാരമില്ല. ഇത് അച്ചടക്കലംഘനമാണെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. അത്തരത്തില്‍ അവര്‍ക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ അതു സംബന്ധിച്ച് സര്‍ക്കാരിന് രേഖാമൂലം പരാതി നല്‍കുകയാണ് വേണ്ടത.് അല്ലാതെ പരസ്യവിമര്‍ശനം നടത്തുകയല്ല വേണ്ടത്. പോലിസ് കംപ്ലെയിന്റ് അതോറിറ്റിയെ എന്തിനാണ് പോലിസ് ഉദ്യോഗസ്ഥര്‍  ഭയപ്പെടുന്നതെന്ന്് തനിക്ക് മനസ്സിലാകുന്നില്ല. പോലിസ് നടത്തുന്ന കേസ് അന്വേഷണത്തില്‍ അതോറിറ്റി ഇടപെടാറില്ല. മറിച്ച് പോലിസിനെക്കുറിച്ച് പരാതി വരുമ്പോഴാണ് ഇടപെടല്‍ ഉണ്ടാവുന്നത്. അത് തുടരുക തന്നെ ചെയ്യും. ഇപ്പോള്‍ പോലിസ് കംപ്ലെയിന്റ് അതോറിറ്റിയെ വിമര്‍ശിക്കുന്നവര്‍ നാളെ ഇവിടെ കോടതി തന്നെ ആവശ്യമില്ലെന്ന് പറയും. പരാതി ലഭിച്ചാല്‍ ഏതു പോലിസ് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താനും വിശദീകരണം തേടാനും ഉള്ള അധികാരം പോലിസ് കംപ്ലെയിന്റ് അതോറിറ്റിക്കുണ്ടെന്നും അത് എവിടെയാണെങ്കിലും അവര്‍ വരേണ്ടിവരുമെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പോലിസ് ഓഫിസര്‍മാരുടെ സമ്മേളനത്തില്‍ വച്ചാണ് പോലിസ് കംപ്ലെയിന്റ് അതോറിറ്റിക്കെതിരേ ഒരു ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഇതിനെതിരേയാണ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് രംഗത്തുവന്നത്.
Next Story

RELATED STORIES

Share it