Flash News

ഔദ്യോഗിക വാഹനത്തില്‍ നടി ; ദക്ഷിണമേഖലാ ജയില്‍ ഡിഐജിക്കെതിരേ അന്വേഷണം



തിരുവനന്തപുരം: ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ ദക്ഷിണമേഖലാ ഡിഐജി ബി പ്രദീപിനെതിരേ അന്വേഷണത്തിന് ഉത്തരവ്. ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്തുവെന്ന് ജയില്‍ ആസ്ഥാനത്തു ലഭിച്ച പരാതിയില്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയില്‍ ഐജി ഗോപകുമാറിനാണ് അന്വേഷണ ചുമതല. അന്വേഷിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ ജയില്‍ ഐജിയെ ചുമതലപ്പെടുത്തി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 12നാണ് ഡിഐജി നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര നടത്തിയത്. ജയില്‍ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്‌തെന്നാണ് ആക്ഷേപം. ഗുരുതരമായ ആരോപണമാണ് ഡിഐജിക്കെതിരേ ലഭിച്ച പരാതിയില്‍ പറയുന്നത്. ജയില്‍ ദിനാഘോഷത്തില്‍ നടിയെ ഇദ്ദേഹം ക്ഷണിച്ചിരുന്നതായും ഇതിന്റെ ചെലവിലേക്കായി 10,000 രൂപ ജയിലില്‍ നിന്നു കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു. ഊമക്കത്തായാണ് പരാതി ലഭിച്ചതെങ്കിലും പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഔദ്യോഗിക വസതിയില്‍ ഡിഐജി സീരിയല്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കിയിട്ടുണ്ടെന്നും കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ പരോളിനും ജയില്‍ മാറ്റത്തിനും ഇദ്ദേഹം ഇടപെട്ടിട്ടുണ്ടെന്നും ആരോപണമുണ്ട്. അതേസമയം, താന്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തിട്ടില്ലെന്നും സീരിയല്‍ നടിയുടെ മാതാപിതാക്കളും വാഹനത്തില്‍ ഉണ്ടായിരുന്നതായി ഡിഐജി വിശദീകരണം നല്‍കിയതായും ജയില്‍വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it