Flash News

ഓഹരി വിപണിയിലെ കൃത്രിമം ; ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചു രാഹുല്‍ഗാന്ധി



പലന്‍പൂര്‍: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരേ ആഞ്ഞടിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിനു സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രൂപാനിയുടെ കമ്പനിക്ക് പിഴ ചുമത്തിയതു പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. രൂപാനിക്കു പിഴ ചുമത്തിയതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടു വ്യക്തമാക്കണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു.ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനം ഗുജറാത്താണ്. ഗുജറാത്തിലെ പോലിസ് ഓരോ രണ്ടു മിനിറ്റിലും വന്നു കൈക്കൂലി വാങ്ങുന്നതായി തന്റെ വ്യാപാരി സുഹൃത്ത് പറഞ്ഞിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ 50,000 രൂപയുടെ വിറ്റുവരവ് 2014ല്‍ ബിജെപി അധികാരത്തില്‍ വന്നു മാസങ്ങള്‍ക്കകം 80 കോടി രൂപയായി. അഴിമതിയിലൂടെ അല്ലാതെ ഇതു സാധ്യമാവില്ലെന്നു ഗുജറാത്തിലെ ജനങ്ങള്‍ക്കറിയാം- രാഹുല്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പാണു ഗുജറാത്ത് മുഖ്യമന്ത്രിക്കു വഞ്ചനക്കുറ്റം ചുമത്തി സെബി പിഴയിട്ടത്. “ഞാന്‍ അഴിമതി കാണിക്കില്ല, അഴിമതി അനുവദിക്കുകയുമില്ല’ എന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍, അഴിമതി വിഷയത്തില്‍ അദ്ദേഹം മിണ്ടുന്നില്ല. ഞാന്‍ സംസാരിക്കില്ല, മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കില്ല എന്നതാക്കണം മോദിയുടെ വാക്കുകള്‍. വിജയ് രൂപാനിയുടെയും ജയ് ഷായുടെയും കമ്പനികള്‍ നടത്തിയ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ നിലപാടറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. രൂപാനിയുടെ ഹിന്ദു അവിഭക്ത കുടുംബം (എച്ച്‌യുഎഫ്) ഉള്‍പ്പെടെ 22 കമ്പനികള്‍ക്കാണ് സെബി 6.91 കോടി രൂപയുടെ പിഴയിട്ടത്. രൂപാനിയുടെ കമ്പനി 15 ലക്ഷമാണു അടയ്‌ക്കേണ്ടത്. എന്നാല്‍ സെബി ചുമത്തിയ പിഴ സെക്യൂരിറ്റീസ് അപ്പലറ്റ് ട്രൈബ്യൂണല്‍ റദ്ദാക്കിയെന്ന് രൂപാനി വ്യക്തമാക്കി.
Next Story

RELATED STORIES

Share it