kasaragod local

ഓവുചാലുകള്‍ വൃത്തിയാക്കിയില്ല ; മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു



കാസര്‍കോട്: നഗരത്തിലെ ഓവുചാലുകള്‍ പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ട് നിറഞ്ഞു.നഗരത്തിലെ മിക്ക ഓവു ചാലുകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ മഴവെള്ളം ഒലിച്ചുപോവാന്‍ സംവിധാനമില്ല. ഇതോടെ കൊതുകുകളുടെ കേന്ദ്രമായി ഓവുചാലുകള്‍ മാറുന്നു. മഴക്കാലം ആസന്നമായതോടെ നഗരത്തിലെ മിക്ക ഓവുചാലുകളും ഇനിയും വൃത്തിയാക്കിയിട്ടില്ല. ഇടയ്ക്ക് പെയ്ത മഴയില്‍ വെള്ളം ഒലിച്ച് ഓടകള്‍ മൂടിക്കിടക്കുകയാണ്. മാലിന്യങ്ങള്‍ യഥാസമയം നീക്കാത്തതാണ് ഓടകള്‍ മൂടിക്കിടക്കാന്‍ കാരണമായത്. മഴ ശക്തമാകുന്നതോടെ വെള്ളം റോഡിലൂടെ ഒലിച്ചുപോവുകയും കാല്‍നടയാത്രപോലും ദുസ്സഹമാകുമെന്ന ആശങ്കയിലാണ് വ്യാപാരികളും യാത്രക്കാരും. ജനറല്‍ ആശുപത്രിക്ക് മുന്‍വശം, ഹെഡ്‌പോപോസ്‌റ്റോഫിസ് പരിസരം, പഴയ ബസ്സ്റ്റാന്റ്, എംജി റോഡ്, തായലങ്ങാടി, ബാങ്ക് റോഡ്, കെപിആര്‍ റാവു റോഡ്, നായക് സ് റോഡ് തുടങ്ങി മിക്ക സ്ഥലങ്ങളിലേയും ഓവുചാലുകളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കൂമ്പാരമാണ്. പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ചില ഓവുചാലുകള്‍ക്കിടയില്‍ രാത്രി ചിലര്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. ഓവുചാലുകളില്‍ മണ്ണ് നിറഞ്ഞതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. നഗരസഭയ്ക്കാണ് ഓവ് ചാലുകള്‍ വൃത്തിയാക്കുന്നതിന്റെയും നിര്‍മിക്കുന്നതിന്റെയും ചുമതല. മഴക്കാലത്ത് വെള്ളം കെട്ടി കിടന്ന് കൊതുകുകള്‍ പെരുകാനും മാരകരോഗങ്ങള്‍ പകരാനും ഇത് കാരണമാവും. പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ടാക്‌സി സ്റ്റാന്റിന് പിറകിലെ ഓവുചാല്‍ തകര്‍ന്നതിനാല്‍ മഴ വെള്ളം ഒലിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ഇവിടെ വെള്ളം കെട്ടിക്കിടന്ന് വഴിയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ദുരിതമാവുമെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ മഴക്കാലത്ത് ഏറെ ദുരിതം അനുഭവിച്ചതായും ഇവര്‍ പറയുന്നു. ബസ് സ്റ്റാന്റ് ക്രോസ് റോഡ് കോണ്‍ക്രീറ്റാക്കിയതോടെ ഈ റോഡ് കയറുന്നിടത്ത് കുഴിയുള്ളതിനാല്‍ മഴക്കാലത്ത് വെള്ളം ഒലിച്ചുപോകാനാവാതെ കെട്ടി കിടന്ന് ദുരിതം വിതയ്ക്കുന്നു. ഓവ് ചാലുകളിലൂടെ മഴവെള്ളം പോകാതെ അത് റോഡില്‍ കുത്തിയൊലിക്കുന്നത് മൂലം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റീ ടാറിങ് നടത്തിയ പല റോഡുകളും തകരാന്‍ സാധ്യതയുണ്ടെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
Next Story

RELATED STORIES

Share it