ഓരോസ്ഥലത്തും കൊടിനാട്ടുന്നത് നല്ലതല്ല

തിരുവനന്തപുരം: പുനലൂരില്‍ പ്രവാസിയായിരുന്ന സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതന്‍ ആത്മഹത്യ ചെയ്തത് എഐവൈഎഫ് കൊടിനാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണെന്നും സംഭവം ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മൂന്നു പ്രതികള്‍ പിടിയിലായിട്ടുണ്ടെന്നും ഇനിയും ആരെങ്കിലുണ്ടെങ്കില്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
വര്‍ക്‌ഷോപ്പ് നിര്‍മിക്കാനാവാത്ത സാഹചര്യത്തിലായിരുന്നു ആത്മഹത്യ. എഐവൈഎഫ് നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അടിയന്തര പ്രമേയത്തിനിടെ സംഭവവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചില്ല. സിപിഐ മന്ത്രിമാരായ വി എസ് സുനില്‍കുമാറും കെ രാജുവുമാണ് പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കിയത്. കൊടി ഓരോ പ്രസ്ഥാനത്തിന്റെയും വളരെ വിലപ്പെട്ട സ്വത്താണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അത് ഓരോസ്ഥലത്തും കൊണ്ടുപോയി നാട്ടുന്നത് നല്ലതല്ല. സംഘടനകള്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നവരായാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, എഐവൈഎഫിനെ വിമര്‍ശിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അതേനാണയത്തില്‍ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നു.
നിയമവിരുദ്ധമായി വയല്‍ നികത്തിയതിനാണ് എഐവൈഎഫ് സമരം ചെയ്തതെന്ന് കാനം പറഞ്ഞു. കൊടി കുത്തരുതെന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ അത് സിപിഐക്കും ബാധകമാണ്. കൊടി കുത്തുന്നതല്ല, നിയമവിരുദ്ധമായ വിഷയങ്ങളിലാണ് സിപിഐ സമരത്തിന് ഇറങ്ങുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ക്രിമിനല്‍ കുറ്റം ചൂണ്ടിക്കാട്ടുന്നതില്‍ തെറ്റുപറയാന്‍ ആവില്ല. മുഖ്യമന്ത്രി പറയുംപോലെ മോശപ്പെട്ട സ്ഥലത്തല്ല കൊടികുത്തിയതെന്നും മോശം സ്ഥലങ്ങളില്‍ പാര്‍ട്ടി കൊടി നാട്ടാറില്ല. കൊടികുത്തുന്നതല്ല ആത്മഹത്യയാണ് കുറച്ചു കൊണ്ടു വരേണ്ടത്.
കൊടി കുത്തിയത് മൂലമാണ് ആത്മഹത്യ എങ്കില്‍  പോലിസിന് കേസെടുക്കാം. തങ്ങള്‍ അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പുനലൂരില്‍ കെട്ടിട നിര്‍മാണം നടന്നത് വയലില്‍ ആയിരുന്നെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. എല്ലാ രാഷ്ട്രീയകക്ഷികളും തുടക്കത്തില്‍ അതിന് എതിരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it