ഓണ്‍ലൈന്‍ വാര്‍ത്തകളെ നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്രം

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് മൂക്കുകയറിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ മാധ്യമരംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരിക എന്നതു നിയന്ത്രണ—ത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ടെന്നും വാര്‍ത്താവിനിമയ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപോര്‍ട്ടുകള്‍ പറയുന്നു. ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിങ് ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവ സംബന്ധിച്ച നയങ്ങള്‍ രൂപീകരിക്കുന്നതിനായി മന്ത്രാലയം സമിതിയെ നിയോഗിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. കമ്മിറ്റി ഇതിനോടകം യോഗങ്ങള്‍ ചേര്‍ന്നതായും മാര്‍ഗനിര്‍ദേശങ്ങളുടെ കരട് പണിപ്പുരയിലാണെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
വാര്‍ത്താവിനിമയ മന്ത്രാലയം, നിയമം, ആഭ്യന്തരം, ടെലികോം, വ്യാവസായിക നയ, പ്രചാരണ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളായ കമ്മിറ്റിയില്‍ ന്യൂസ് ബ്രോഡ് കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍, പ്രസ് കൗസില്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
അതേസമയം, വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വിവാദ നീക്കം പിന്‍വലിച്ചതിന് പിറകെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം പ്രവേശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പിഐബി സംവിധാനം ഒരുക്കുന്നതായി വാര്‍ത്താ പോര്‍ട്ടലായ ദ പ്രിന്റ് റിപോര്‍ട്ട്. ഇതിനായി പിഐബി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളില്‍ റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഉള്‍പ്പെടുത്താനാവുന്ന ചിപ്പുകള്‍ (ആര്‍എഫ് ടാഗ് ) ഘടിപ്പിക്കാനാണ് നീക്കമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഇതിനുള്ള അനുമതി തേടി ജനുവരിയില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ പ്രത്യേകം സജ്ജമാക്കുന്ന സംവിധാനങ്ങള്‍ വഴി ആരൊക്കെ എവിടെയെല്ലാം സഞ്ചരിക്കുന്നു എന്നതടക്കം നിരീക്ഷിക്കാനാവും. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിലവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കായി കര്‍ശന പരിശോധനകളാണ് ഇത്തവണ പി ഐബി നടത്തിയിരുന്നത്.
പെട്രോളിയം മന്ത്രാലയത്തില്‍ നിന്നു രേഖകള്‍ ചോര്‍ന്നതിന് പിറകെയാണ് പുതിയ നീക്കം. അതേസമയം വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രതികരിച്ചു.
Next Story

RELATED STORIES

Share it