thrissur local

ഓണ്‍ലൈന്‍ പര്‍ച്ചേസ് തട്ടിപ്പ്; രണ്ടുപേരുടെ പണം നഷ്ടപ്പെട്ടു

തൃപ്രയാര്‍: തൃപ്രയാറില്‍ ബാങ്ക് നിക്ഷേപകര്‍ അറിയാതെ ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങിന്റെ മറവില്‍ തട്ടിപ്പ്. വിമുക്തഭടനും യുവതിയുമാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.
നാട്ടിക ഫിഷറീസ് സ്‌കൂളിന് സമീപം വിമുക്തഭടനായ വേതോട്ടില്‍ ശങ്കരനാരായണന്‍, തളിക്കുളം തമ്പാന്‍കടവ് സ്വദേശി അറയ്ക്കവീട്ടില്‍ ദില്‍ഷാദിന്റെ ഭാര്യ ഷീബ എന്നിവര്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ്.
എസ്ബിഐ തൃപ്രയാര്‍ ശാഖയിലെ ഇരുവരുടെയും അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. സിആര്‍പിഎഫ് ജവാനായി വിരമിച്ച ശങ്കരനാരായണന്‍ കഴിഞ്ഞ പതിമൂന്നാം തിയ്യതി ഞായറാഴ്ച രാത്രിയാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ വിവരം മൊബൈല്‍ സന്ദേശത്തിലൂടെ അറിയുന്നത്.
ഒറ്റദിവസത്തിനകം ഇയാളുടെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് പെന്‍ഷന്‍ തുകയായ പതിമൂവായിരം രൂപ. പിറ്റേന്ന് തിങ്കളാഴ്ച ബാങ്കിലെത്തി മാനേജരെ വിവരം ധരിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വലപ്പാട് പോലിസിലും, സൈബര്‍ സെല്ലിലും പരാതി നല്‍കി. എന്നാല്‍ പണം നഷ്ടപ്പെട്ട സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്ക് നിഷേധാത്മക നിലപാടാണെന്ന് ശങ്കരനാരായണന്‍ ആരോപിച്ചു. തളിക്കുളം തമ്പാന്‍കടവ് സ്വദേശി ഷീബ ദില്‍ഷാദിന്റെ അക്കൗണ്ടില്‍ നിന്ന് മൂന്നുദിവസം കൊണ്ട് നഷ്ടപ്പെട്ടത് 25,464 രൂപ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദേശത്തുള്ള ഭര്‍ത്താവ് ദില്‍ഷാദ് ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. കഴിഞ്ഞ 13,14,15 തിയ്യതികളിലായി അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ വിവരം യുവതി അറിയുന്നത്. പിറ്റേന്ന് രാവിലെ എസ്ബിഐ ബാങ്കിലെത്തി മാനേജര്‍ക്കും, തുടര്‍ന്ന് വലപ്പാട് പോലീസിലും, സൈബര്‍ സെല്ലിനും പരാതി നല്‍കുകയായിരുന്നുവെന്ന് ഷീബ ദില്‍ഷാദ് പറയുന്നു. അക്കൗണ്ട് നമ്പറും, എടിഎം പിന്‍ നമ്പറും ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നതായാണ് പോലിസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാരുടെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് മൊബൈല്‍ഫോണ്‍ റീചാര്‍ജിംഗ്, ടിക്കറ്റ് ബുക്കിംഗ് എന്നിവ നടന്നതായി പോലീസ് കണ്ടെത്തി.
പരാതിക്കാരായ രണ്ടുപേരുടെയും എടിഎം നമ്പര്‍ ബാങ്ക് അധികൃതര്‍ ബ്ലോക്ക് ചെയ്തു. സംഭവത്തില്‍ ഇരുവരുടെയും പരാതി പോലീസ്, സൈബര്‍ സെല്‍ റിപ്പോര്‍ട്ട് സഹിതം ഹെഡോഫീസിന് കൈമാറുക മാത്രമാണ് നടപടിയെന്ന് ബാങ്ക് മാനേജര്‍ പി ഗോപകുമാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it