kozhikode local

ഓടിയെത്താനാവാതെ ഭക്ഷ്യസുരക്ഷാ വിഭാഗം; ഭക്ഷണപദാര്‍ഥ പരിശോധന വൈകുന്നു

വടകര: വിവിധ മേഖലയില്‍ പരിശോധന നടത്താനായി ആവശ്യത്തിന് വാഹനമില്ലാത്തതും, ഓഫിസര്‍മാരുടെ കുറവും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയെ പ്രതികൂലമായി ബാധിക്കുന്നു. നിലവില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മല്‍സ്യങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ കൃത്യമായ പരിശോധന നടത്താന്‍ കഴിയാതെ പോവുകയാണെന്നാണ് പറയുന്നത്.
നാട്ടുകാര്‍ക്കും, കച്ചവടക്കാര്‍ക്കും ലഭിക്കുന്ന മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ അടങ്ങിയിട്ടുണ്ടോയെന്ന സംശയം നാട്ടുകാരെ വലയ്ക്കുകയാണ്. ഈ അവസ്ഥയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനെ സമീപിക്കുന്നരുടെ എണ്ണം കൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ജില്ലയില്‍ പരിശോധന നടത്താന്‍ ആവശ്യത്തിന് വാഹനമില്ലാത്തത് വിലങ്ങു തടിയാവുന്നത്. കോഴിക്കോട് ജില്ലയിലെ 13 സര്‍ക്കിള്‍ ഓഫിസ് കേന്ദ്രീകരിച്ച് ഒരു വാഹനമാണ് നിലവിലുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഫോര്‍മാലില്‍ ചേര്‍ത്ത മല്‍സ്യങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പനയ്ക്ക് എത്തുന്നതായാണ് ആക്ഷേപം. ഇവ പരിശോധിക്കാനും ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് വാഹനമില്ലാത്തത് പ്രയാസത്തിലാക്കുന്നു.
തമിഴ്‌നാട്ടില്‍ നിന്നും വിഷാംശം ചേര്‍ത്ത മല്‍സ്യങ്ങള്‍ കയറ്റി വരുന്നുണ്ടെങ്കില്‍ ചെക്ക് പോസ്റ്റില്‍ നിന്നും പിടിക്കപ്പെടേണ്ടതാണ്. എന്നാല്‍, ചെക്ക് പോസ്റ്റ് വെട്ടിച്ചാണ് കഴിഞ്ഞ ദിവസം വടകരയില്‍ നിന്നും പിടികൂടിയ മല്‍സ്യം എത്തിയതെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തന്നെ വിലയിരുത്തല്‍. സംസ്ഥാനത്തെ ഹാര്‍ബറുകളിലേക്ക് പുതിയ മല്‍സ്യമെന്ന രീതിയില്‍ കടല്‍മാര്‍ഗം ഫോര്‍മാലില്‍ കലര്‍ത്തിയ മല്‍സ്യമെത്തിക്കുന്നതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായാണ് പറയുന്നത്. ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ വിഷം കലര്‍ന്ന മല്‍സ്യം വില്‍ക്കുന്നുണ്ടെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് സംശയമില്ല. എന്നാല്‍, ഇവിടങ്ങളിലെല്ലാം തന്നെ സമയാ സമയങ്ങളിലെത്തി പരിശോധന നടത്തണമെങ്കില്‍ ജീവനക്കാരുണ്ടെങ്കിലും ആവശ്യത്തിന് വാഹനമില്ലാത്തത് ദുരിതത്തിലാക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 6.30ന് മൂരാട് പാലത്തിന് സമീപം വച്ച് ആന്ധ്ര രജിസ്‌ട്രേഷന്‍ ലോറിയില്‍ കടത്തുകയായിരുന്ന മല്‍സ്യം ഗുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞു വച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചെങ്കിലും വാഹനമില്ലാത്തത് കാരണം ഉദ്യോഗസ്ഥര്‍ എത്തിപ്പെടാന്‍ വൈകിയത് വിവാദമായിരുന്നു. ഇന്നലെ വടകര നഗരസഭാ പരിധിയില്‍ ഹോട്ടല്‍ ആന്റ് ബേക്കറിയില്‍ നിന്നും ഒരാള്‍ കേക്ക് വാങ്ങി കഴിച്ചപ്പോള്‍ കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു.
കുട്ടികള്‍ കഴിച്ച കേക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറിയപ്പോള്‍ ഓഫിസര്‍ ഫീല്‍ഡിലാണെന്നും ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്നുമാണ് നഗരസഭയിലെത്തിയ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. മാത്രമല്ല രാവിലെ മുതല്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും എത്തിയത് ഉച്ചയോടെയാണ്.
ഇന്ന് നടന്ന സംഭവത്തില്‍ ഭക്ഷണ പദാര്‍ഥം ഒരു ദിവസം കഴിഞ്ഞ് പരിശോധിച്ചാല്‍ എങ്ങിനെയാണ് വിഷബാധയുണ്ടെന്ന് മനസിലാക്കുക എന്ന് ചോദിച്ചപ്പോള്‍ നഗരസഭയിലെത്തിയ ഉദ്യോഗസ്ഥന്‍ മൗനത്തിലായി. ഇത്തരം ദ്രുതഗതിയില്‍ നടത്തേണ്ട പരിശോധന പോലും ഫുഡ് സേഫ്റ്റി വിഭാഗം വൈകിപ്പിക്കുന്ന നടപടിയും ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.
Next Story

RELATED STORIES

Share it