ഓഖി: ലത്തീന്‍ കത്തോലിക്കാ സഭ ഹൈക്കോടതിയിലേക്ക്‌

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: ഓഖി ദുരന്തം വിതച്ച് 16 ദിവസം കഴിയുമ്പോഴും ദുരിതബാധിതരെ കുറിച്ചുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ കണക്കില്‍ കടുത്ത അവ്യക്തത തുടരുന്നു. ഇതോടെ ദുരന്തത്തില്‍പ്പെട്ട് കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്കാ സഭ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. തിരിച്ചെത്താനുള്ള മല്‍സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യാനാണ് തീരുമാനമെന്ന് സഭാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര അറിയിച്ചു. തിരുവനന്തപുരത്ത് 241 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് അതിരൂപതയുടെ കണക്ക്. എന്നാല്‍, ഔദ്യോഗിക കണക്കുപ്രകാരം കാണാതായവര്‍ 105 പേരാണ്. അതേസമയം, കഴിഞ്ഞദിവസത്തെ പോലിസ് കണക്കുപ്രകാരം 177 പേരെ കണ്ടെത്താനുണ്ട്. തീരദേശങ്ങളിലെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് മരിച്ചവരുടെയും കാണാതായവരുടെയും വിവരം ശേഖരിച്ചാണ് പോലിസ് കണക്ക് തയ്യാറാക്കിയത്. പോലിസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 177 പേരില്‍ 72 പേര്‍ റവന്യൂ വകുപ്പിന്റെ കണക്കിലില്ല. പോലിസ് റിപോര്‍ട്ട് പ്രകാരം മരണം 64 ആണ്; റവന്യൂ കണക്കില്‍ 68ഉം.ഇത്തരത്തില്‍ സര്‍ക്കാര്‍ കണക്കില്‍ അവ്യക്തത തുടരുന്നതിനിടെയാണ് ഹേബിയസ് കോര്‍പസുമായി ലത്തീന്‍ സഭ ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം, തിരിച്ചറിയാനുള്ള 42 മൃതദേഹങ്ങളില്‍ ഒരെണ്ണം ഇന്നലെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശിയായ തുമ്പ പള്ളിക്കോട്ട ജെറാള്‍ഡിന്റെ (48) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇന്നും തിരച്ചില്‍ തുടരുകയാണ്. കൊച്ചിയിലും കോഴിക്കോട്ടും ലക്ഷദ്വീപിനടുത്തുള്ള മേഖലകളിലുമാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ ധര്‍മടത്ത് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി മല്‍സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കോസ്റ്റല്‍ പോലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പരിശോധന നടത്തി. ഇന്നലെ നടത്തിയ തിരച്ചിലില്‍ കോഴിക്കോട് ഭാഗത്തു നിന്ന് ഒരു വള്ളം കണ്ടെത്തി.


.
Next Story

RELATED STORIES

Share it