ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വി എസ്

തിരുവനന്തപുരം: കേരളത്തെ ദുരിതത്തിലാക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.ഇതിനകം 36 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റ് ദുരന്തം സംസ്ഥാനത്തിന് അതിഭീകരമായ നാശവും വേദനയുമാണ് ഉളവാക്കിയിട്ടുള്ളത്. ഇനിയും 200ലേറെ പേരെ കണ്ടെത്താനുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും നമുക്ക് ബാധ്യതയുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ ഉദാരമായ സഹായവും പിന്തുണയും അനിവാര്യമാണ്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ദുരന്തബാധിത പ്രദേശങ്ങളിലെത്തി പ്രഖ്യാപിച്ചതുപോലെ ദേശീയ ദുരന്തമായി കണക്കാക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള സഹായം കാലവിളംബം കൂടാതെ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാവുകയും വേണം. രാജ്യത്തെ ദുരന്തനിവാരണ സംവിധാനം മെച്ചപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ടു രാജ്യത്താകെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഏജന്‍സികളെ ഏകോപിപ്പിക്കാനും സഹായകമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it