thrissur local

ഓഖിയില്‍ തകര്‍ന്നടിഞ്ഞ് ചേരമാന്‍ ബീച്ച്: ദുരിതാശ്വാസവും വൈകുന്നു

കൊടുങ്ങല്ലൂര്‍: ഓഖി ചുഴലിക്കാറ്റില്‍ സംഹാര താണ്ഡവമാടിയ ചേരമാന്‍ ബീച്ചിലെ കാഴ്ച്ചകള്‍ ദയനീയമാണ്. ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്ന ബീച്ചില്‍ ഇരുപതോളം വീടുകള്‍ക്ക് ഭാഗികമായും നാശം സംഭവിച്ചിട്ടുണ്ട്. ബ്ലാങ്ങാട് ചാല്‍ അറപ്പതോടിന് പടിഞ്ഞാറു ഭാഗത്തുള്ള മേഖലയില്‍ 75ഓളം കുടുംബങ്ങളാണ് താമസിക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ ബാബു പറഞ്ഞു. 15 കിലോ അരി മാത്രമാണ് കടലേറ്റത്തില്‍ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്ക് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. വീട് പൂര്‍ണമായി തകര്‍ന്ന പലരും ഇതുവരെ ബീച്ചിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ദയനീയമാണ് കടല്‍ തീരത്തെ കാഴ്ച്ചകളെന്ന് പ്രദേശം സന്ദര്‍ശിച്ച സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. വീടുകളിലും മറ്റും വെള്ളം കയറിയത് മൂലം പലരും ബന്ധുവീടുകളിലായതിനാല്‍ താല്‍ക്കാലിക ദുരിതാശ്വാസം പോലും സ്വീകരിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ദുരിതാശ്വാസം എത്തിക്കാനുള്ള നടപടികള്‍ വൈകുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നഷ്ടത്തിന്റെ കണക്ക് ശേഖരിക്കാന്‍ പോലും ഇതുവരെ ആരും ചേരമാന്‍ ബീച്ചിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വില്ലേജ് ഓഫിസിലേക്ക് നല്‍കാനുള്ള ഫോറം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് വാര്‍ഡ് മെമ്പര്‍ തേജസിനോട് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായവും വൈകുന്നത് തീരദേശവാസികളെ നിരാശരാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പേരില്‍ സഹായങ്ങള്‍ എത്തുന്നുണ്ടെങ്കിലും അത്‌കൊണ്ടൊന്നും പരിഹരിക്കാനാവാത്തതാണ് മേഖലയിലെ നഷ്ടം. ദുരിതാശ്വാസ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it