kozhikode local

ഒ വി വിജയന്‍ നിര്‍വചനങ്ങളില്‍ കെട്ടിയിടാനാവാത്ത എഴുത്തുകാരന്‍: എന്‍ എസ് മാധവന്‍

കോഴിക്കോട്: പലകാലങ്ങളില്‍ പലരീതിയില്‍ വായിച്ചെടുക്കാനും വ്യാഖ്യാനിക്കാനും സാധിക്കുന്നു എന്നതാണ് 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ പ്രസക്തി എന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.
ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ഒ വി വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ശാശ്വത മൂല്യങ്ങളില്ല എന്ന ശൂന്യതാവാദത്തിന്റെ അസ്ഥിത്വപ്രശ്‌നമാണ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യ വായന അനുഭവിപ്പിച്ചത്. പിന്നീടത് ആഖ്യാനകാലത്തെ വികലമായ സമ്പദ് വ്യവസ്ഥയെ പ്രതിഫലിപ്പിച്ചു. തുടര്‍ന്ന് നരവംശ ശാസ്ത്രപരമായും ചരിത്രപരമായും രാഷ്ട്രീയമായും ഖസാക്ക് വായിക്കപ്പെട്ടു.
ഇങ്ങനെ പലനിലക്ക് ഈ കൃതി വായനയ്ക്ക് വിധേയമായി. മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളാണ് ഇത്തരത്തില്‍ വായിക്കപ്പെട്ട മറ്റൊരു കൃതി. ഓരേ കാലത്ത് എഴുതപ്പെട്ടത് എന്നതിലുപരി ഏറെ സമാനതകള്‍ ഈ കൃതികളിലും എഴുത്തുകാരിലും ഉണ്ട്. യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കാത്ത, പഠിക്കാനാവാത്ത ഭാഷയാണ് മാര്‍ക്കേസ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ ഉപയോഗിച്ചത്.
ഇതേപോലെ തന്നെ മലയാളിയുടെ ഭാഷാഭാവുകത്വത്തിന് പിടികിട്ടാത്ത ഭാഷയാണ് ഖസാക്കിലും ഉള്ളത്. പിടികൊടുക്കാതിരിക്കുക എന്നതാണ് വിജയന്റെ പ്രത്യേകത. എഴുത്തിന്റെ കാര്യത്തിലും രാഷ്ട്രീയത്തിന്റെ കാര്യത്തിലും വ്യക്തി എന്ന നിലയിലും വിജയന്‍ അങ്ങിനെയായിരുന്നു. അനവരതം മാറിക്കൊണ്ടിരിക്കുന്ന സന്ദേഹിയായ എഴുത്തുകാരന്‍. എവിടെയെല്ലാം ചതിക്കുഴികളുണ്ടോ അവിടേക്ക് നടന്നു കയറുകയും ഇതിന്റെ വക്കോളമെത്തി നില്‍ക്കുകയും ചെയ്യുന്ന ഞാണിന്‍മേല്‍ കളിയുടെ മഹത്വമാണ് വിജയനിലും അദ്ദേഹത്തിന്റെ കൃതികളിലും കാണാനാവുന്നത്.
ഒരു നിര്‍വചനങ്ങളിലും കെട്ടിയിടാന്‍ ആവുമായിരുന്നില്ല എന്നത് തന്നെയാണ് വിജയന്റേയും അദ്ദേഹത്തിന്റെ കൃതികളുടേയും ശക്തിയും ദൗര്‍ബല്യവുമെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ വി കെ മാധവന്‍കുട്ടി അധ്യക്ഷനായിരുന്നു. ദീപന്‍ ശിവരാമന്‍, രേണു രാമനാഥ് സംസാരിച്ചു.
Next Story

RELATED STORIES

Share it